
വാഷിംഗ്‌ടൺ: എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ നിങ്ങൾ അടയ്ക്കുന്നത് നിങ്ങളുടെ വീട്ടിലെ വെെദ്യുതി ബില്ല് തന്നെയാണോയെന്ന്?. ബില്ല് പരിശോധിച്ചാൽ ഇതിന്റെ സത്യാവസ്ഥ നിങ്ങൾക്ക് മനസിലാക്കാൻ കഴിയും. ബില്ലിൽ ചിലപ്പോൾ കൂടുതൽ ചാർജുകൾ വന്നാൽ അതിന്റെ കാര്യം തിരക്കി നാം ഓഫീസിൽ പോകാറുണ്ട്. അത്തരത്തിൽ ഒരു യുവാവ് അടുത്തിടെ കണ്ടുപിടിച്ച കാര്യമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
അദ്ദേഹം 18 വർഷം അടച്ച വെെദ്യുതി ബില്ല് അയൽവാസിയുടേതായിരുന്നു. യുഎസിലാണ് സംഭവം നടന്നത്. പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് കമ്പനി ഉപഭോക്താവായ കെൻ വിൽസനാണ് ഈ അബദ്ധം പറ്റിയത്. കറന്റ് ബില്ല് വളരെയധികം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട കെൻ വെെദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കാൻ ശ്രമിച്ചു. എന്നാൽ എന്നിട്ടും ഉയർന്ന നിരക്കിലാണ് വെെദ്യുതി ബില്ല് വന്നത്. കറന്റിന്റെ ബ്രേക്കർ ഓഫായിരിക്കുമ്പോൾ പോലും ഇദ്ദേഹത്തിന് കറന്റ് ബില്ല് കൂടികൊണ്ടിരുന്നു.
തുടർന്ന് കെൻ കമ്പനിയുമായി ബന്ധപ്പെട്ടു. പിന്നാലെ കമ്പനി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അടുത്ത അപ്പാർട്ട്മെന്റിന്റെ ബിലാണ് കെൻ അടച്ചുകൊണ്ടിരുന്നത്. ഉപഭോക്താവിന്റെ അപ്പാർട്ട്മെന്റ് മീറ്റർ നമ്പർ മറ്റൊരു അപ്പാർട്ട്മെന്റിലെ നമ്പറുമായി മാറിപോയിയെന്നും 2009 മുതൽ ആ അപ്പാർട്ട്മെന്റിന്റെ ബില്ലാണ് കെൻ അയച്ചതെന്നും കമ്പനി കണ്ടെത്തി. കമ്പനി തങ്ങളുടെ തെറ്റ് അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇത്തരം തെറ്റ് ഇനി വരാതിരിക്കാൻ മറ്റ് ഉപഭോക്താക്കളുടെയും മീറ്റർ നമ്പർ പരിശോധിക്കുമെന്ന് കമ്പനി പറഞ്ഞു.