
കുന്തീദേവിയുടെ സീമന്ത പുത്രനായ കർണന് ജന്മനാ സിദ്ധിച്ചതാണ് കവചകുണ്ഡലങ്ങൾ. മകൻ ചിരഞ്ജീവിയാകാൻ സമ്മാനിച്ചത് പിതാവ് സൂര്യഭഗവാനും. ദാനശീലനായ കർണനിൽ നിന്ന് അത് ദേവേന്ദ്രൻ തന്ത്രപൂർവം അടിച്ചുമാറ്റിയത് സ്വന്തം മകൻ അർജുനന് കുരുക്ഷേത്ര യുദ്ധത്തിൽ കർണനെ വീഴ്ത്താനും! ദാനശീലം കർണന്റെ നാശത്തിനു ഹേതുവായെന്ന് മഹാഭാരതം. നമ്മുടെ മുഖ്യമന്ത്രി പിണറായി സഖാവിന് കവചകുണ്ഡലങ്ങൾ പോലെയാണത്രേ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും അഡിഷണൽ ഡി.ജി.പി എം.ആർ. അജിത് കുമാറും. പി.ശശി കവചവും അജിത് കുമാർ കുണ്ഡലവും!
അൻവർ ബോംബിൽ സർക്കാരും ഇടതുമുന്നണിയും കുലുങ്ങിയിട്ടും അവരെ കൈവിടാൻ മുഖ്യമന്ത്രി തയ്യാറല്ല. പ്രതിപക്ഷത്തിന്റെ സമരതാണ്ഡവവും സ്വന്തം കൂടാരത്തിലെ സി.പി.ഐയുടെ ശീർഷാസനവും മാദ്ധ്യമങ്ങളുടെ ഓരിയിടലുമൊന്നും അവിടെ ഏശുന്നില്ല. തീരെ രക്ഷയില്ലാതെ വന്നാൽ കുണ്ഡലം ഉപേക്ഷിക്കാമോ എന്നു നോക്കാം. അതു വേണോയെന്ന് പൊലീസുകാർ അന്വേഷിച്ച് കണ്ടെത്തി പറയട്ടെ. പറയില്ലെന്നറിയാം. അല്ലെങ്കിൽത്തന്നെ ആർ.എസ്.എസ് നേതാക്കളോടുള്ള ഇഷ്ടംകൊണ്ട് എ.ഡി.ജി.പി അജിത്കുമാർ അവരെ മുഖം കാണിച്ചതും ചായ കുടിച്ച് പിരിഞ്ഞതും അത്ര വലിയ അപരാധമോ? ആർ.എസ്.എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്ന് സ്പീക്കർ ഷംസീറും സർട്ടിഫിക്കറ്റ് നൽകിയതല്ലേ? അതെന്തായാലും കവചം ഉപേക്ഷിച്ച് സ്വന്തം കുഴിതോണ്ടുന്ന പ്രശ്നമില്ല. പി.ശശി മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കുമെന്നൊക്കെ അൻവർ ഇനിയും പറഞ്ഞു നടക്കട്ടെ. അപ്പോൾ കാണാം.
'കോഴിയുടെ കാവൽ കുറുക്കനെ ഏൽപ്പിച്ചതു പോലെ"യായി തൃശൂർ പൂരം കലക്കൽ അന്വേഷണ റിപ്പോർട്ടെന്ന് വിമർശനം. തൃശൂർ പൂരം അന്നത്തെ തൃശൂർ എസ്.പി അങ്കിത് അശോകിന്റെ നേതൃത്വത്തിൽ പൊലീസ് കലക്കിയത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ്ഗോപിയെ ജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്നാണല്ലോ ആരോപണം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാർ സംഭവസമയത്ത് തൃശൂരിൽ ഉണ്ടായിരുന്നിട്ടും പ്രശ്നത്തിൽ ഇടപെടാതിരുന്നതിൽ അന്നേ ദുരൂഹത ഉയർന്നിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ഒരാഴ്ചയ്ക്കകം ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചു. പൂരം കലക്കലിൽ മുഖ്യ പ്രതി എ.ഡി.ജി.പി അജിത് കുമാറാണെന്ന ആരോപണവുമായി പിന്നാലെ പി.വി.അൻവർ.
ആർ.എസ്.എസ് നേതാക്കളുമായി അജിത് നടത്തിയ കൂടിക്കാഴ്ചയുടെ ലക്ഷ്യവും പൂരം കലക്കലായിരുന്നുവെന്ന ആരോപണവും ഉയർന്നു. അജിത് കുമാറിനെ സ്വന്തം ചിറകിലൊതുക്കി സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് പൂരം കലക്കലിൽ മുഖ്യ പ്രതി എന്നായി യു.ഡി.എഫ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടത്തിയിട്ടില്ലെന്ന് വിവരാവകാശ നിയമ പ്രകാരം ഒടുവിൽ പൊലീസ് തന്നെ വെളിപ്പെടുത്തിയതോടെ ചെമ്പ് പുറത്തായി (കോപ്പർ ഔട്ട്). അക്കാര്യം വെളിപ്പെടുത്തിയ ഡിവൈ.എസ്.പിയുടെ തൊപ്പി തെറിച്ചത് മിച്ചം.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നടത്താത്ത അന്വേഷണത്തിന്റെ റിപ്പോർട്ട് ചമയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നെട്ടോട്ടമായെന്നാണ് കേട്ടത്.
ചെന്നൈയിലായിരുന്ന അജിത് കുമാർ തലസ്ഥാനത്തേക്ക് പാഞ്ഞെത്തി. അഞ്ചുമാസം മുമ്പ് പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയാക്കാൻ ഒരാഴ്ച കൂടി സമയം ചോദിച്ചിട്ടുണ്ടെന്നും 24-നകം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടന്നും 21-ന് ഉച്ചയ്ക്ക് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി. അന്നു രാത്രി പത്തു മണിക്കു മുമ്പ് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച എ.ഡി.ജി.പി അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഉറപ്പ്! പക്ഷേ, ഡി.ജി.പിയാവണമെങ്കിൽ അതു പോരാ, രാഷ്ട്രപതിയുടെ പൊലീസ് മെഡൽ തന്നെ കിട്ടണം. ആർ.എസ്.എസ് നേതാക്കളുമായി അദ്ദേഹം രണ്ടുതവണ നടത്തിയ കൂടിക്കാഴ്ചയിൽ അതു കൂടി പറഞ്ഞ് കോംപ്ളിമെന്റ്സാക്കി എന്നാണ് കിംവദന്തികൾ. എന്തായാലും ആടിനെ പട്ടിയാക്കുന്ന തരത്തിലായി അന്വേഷണ റിപ്പോർട്ട്. എസ്.പി.അങ്കിത് അശോക് മാത്രമാണ് കേസിലെ പ്രതി. അദ്ദേഹത്തിന്റെ പരിചയക്കുറവായിരുന്നുവത്രെ പൂരം കലക്കലിന് കാരണം. കലക്കലിന് ഒളിഞ്ഞിരുന്ന് ചുക്കാൻ പിടിച്ച അജിത് കുമാറിനെക്കുറിച്ചുള്ള സൂചനപോലും അദ്ദേഹം തന്നെ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഇല്ലാത്തത് സ്വാഭാവികം!
ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി അജിത് കുമാർ നത്തിയ കൂടിക്കാഴ്ച ഡി.ജി.പി അന്വേഷിക്കുമെന്നാണ് കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിലും പിന്നീട് വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ അന്വേഷണ ഉത്തരവ് ഇനിയും ഡി.ജി.പിക്ക് കൈമാറിയിട്ടില്ലെന്നാണ് റിപ്പോർട്ട്. അനധികൃത സ്വത്തു സമ്പാദനത്തിൽ അജിത് കുമാറിനെതിരെ വിജിലൻസ് നടത്തുന്നതും കേസെടുക്കാതെയുള്ള അന്വേഷണം. അല്ലെങ്കിൽത്തന്നെ മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിക്കഴിഞ്ഞ എ.ഡി.ജി.പിക്കെതിരെ ഇനിയെന്ത് അന്വേഷണം; എന്തു റിപ്പോർട്ട് എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. തലയിരിക്കുമ്പോൾ വാലാടരുത്! അപ്പോൾ അജിത് കുമാറിന്റെ ക്രമസമാധാന തൊപ്പി തെറിക്കുന്നത് സ്വപ്നം കണ്ടിരിക്കുന്ന സി.പി.ഐക്കാരോട് എന്തു പറയും. അടുപ്പിൽ നിന്ന് ആ വെള്ളം അങ്ങ് വാങ്ങി വച്ചേയ്ക്ക്. ഇത് താൻടാ പിണറായി സ്റ്റൈൽ!
ഇടതുപക്ഷ പാരമ്പര്യമുള്ളയാളല്ലെന്ന് മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതോടെ, കരയിൽ പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ് സി.പി.എം സ്വതന്ത്ര എം.എൽ.എ ആയ പി.വി. അൻവർ. വെള്ളം കാണാതെ രക്ഷയില്ല. പിണറായി സഖാവ് പറഞ്ഞ സ്ഥിതിക്ക് പാർട്ടിക്കാർ ഉടനെ പരസ്യമായി അടുപ്പിക്കില്ല. പാർട്ടിക്കു വേണ്ടെങ്കിൽ താൻ വേറേ വഴി നോക്കുമെന്നാണ് അൻവർ പറയുന്നത്. ഉടനെ യു.ഡി.എഫിന്റെ വെള്ളത്തിലേക്ക് ചാടാമെന്നു വച്ചാൽ, താൻ ഇത്ര നാൾ നടത്തിയ കോപ്രായങ്ങളെല്ലാം യു.ഡി.എഫുകാർ പറഞ്ഞിട്ടാണെന്നു വരും.
മുഖ്യമന്ത്രിക്കെതിരെ താൻ ഒന്നും പറയില്ലെന്ന് ആവർത്തിക്കുമ്പോൾത്തന്നെ, മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പി. ശശിക്കും അജിത് കുമാറിനും ഒരുക്കിയ സംരക്ഷണ കവചത്തെ വെല്ലുവിളിക്കുകയാണ് അൻവർ. ചക്കയ്ക്കു പകരം ചുക്ക്. തന്റെ പൊളിറ്രിക്കൽ സെക്രട്ടറി പി. ശശിയുടേത് മാതൃകാ പ്രവർത്തനമെന്ന് പിണറായി, കരിപ്പൂരിലെ സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നയാളെന്ന് അൻവർ!
പുര കത്തുമ്പോൾ വാഴ വെട്ടുക, പറ്റുമെങ്കിൽ കത്തുന്ന വീടിന്റെ കഴുക്കോലും ഊരിയെടുക്കുക! വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ചെലവ് കണക്കുകളെ ചൊല്ലിയാണ് പ്രതിപക്ഷത്തിന്റെ ഈ വിമർശനം. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75,000 രൂപ! എന്നാൽ, ഇത് യഥാർത്ഥ കണക്കല്ലെന്നും, വരാനിരിക്കുന്ന ചെലവുകളും പുനരധിവാസവുമൊക്കെ ഉൾപ്പെടുത്തിയുള്ള പ്രതീക്ഷിത കണക്കാണെന്നുമാണ് സർക്കാരിന്റെ വിശദീകരണം, മുമ്പ് യു.ഡി.എഫ് സർക്കാരുകളുടെ കാലത്തും ഇതേ മാനദണ്ഡ പ്രകാരമാണത്രെ കേന്ദ്ര സഹായത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. അടിച്ചടിച്ച്, കിട്ടുന്നതു കൂടി ഇല്ലാതാക്കാതിരുന്നാൽ നന്ന്!
നുറുങ്ങ്:
വയനാട് ദുരന്തം സംബന്ധിച്ച് കേന്ദ്രത്തിനു നൽകിയ മെമ്മോറാണ്ടം ദുർവ്യാഖ്യാനം ചെയ്ത മാദ്ധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ ആലോചന. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന് പത്രക്കാർ.
മുഖ്യമന്ത്രിയുടെ ഓഫീസിലെ 'വിദഗ്ദ്ധരോട്" ഒരു വാക്ക് ഉറക്കെ ചോദിച്ചിരുന്നെങ്കിൽ!
(വിദുരരുടെ ഫോൺ: 99461 08221)