
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ സന്ദർശനത്തിന് യുഎസിലെത്തിയിരിക്കുകയാണ്. വാർഷിക ക്വാഡ് ഉച്ചകോടിക്കായി ഡെലവെയറിലെ വിൽമിംഗ്ടണിൽ എത്തിയ മോദി പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹത്തിന്റെ വസതിയിൽ ഉഭയകക്ഷി ചർച്ച നടത്തി.
യുഎസിൽ നിന്ന് 31 എംക്യു-9ബി പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതും കൊൽക്കത്തയിൽ സെമി കണ്ടക്‌ടർ പ്ളാന്റ് സ്ഥാപിക്കുന്നതും ഇരുനേതാക്കളും ചർച്ച ചെയ്തു. സംയുക്ത സൈനികാഭ്യാസം ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തവും ചർച്ചയായി.
എംക്യു-9ബി പ്രിഡേറ്റർ ഡ്രോൺ
16 ആകാശ നിരീക്ഷണ ഡ്രോണുകളും 15 കടൽ നിരീക്ഷണ ഡ്രോണുകളും ഉൾപ്പെടെ 31 ജനറൽ അറ്റോമിക്‌സ് എംക്യു-9ബി ഡ്രോണുകളാണ് ഇന്ത്യ യുഎസിൽ നിന്ന് വാങ്ങുന്നത്. കടൽ നിരീക്ഷണ ഡ്രോണുകൾ നാവിക സേനയ്ക്കും ആകാശ നിരീക്ഷണ ഡ്രോണുകളിൽ എട്ടെണ്ണം വീതം വ്യോമസേനയ്ക്കും സായുധ സേനയ്ക്കുമായി നൽകും. ഇന്ത്യൻ സായുധ സേനയുടെ ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ എന്നിവ മികച്ചതാക്കാൻ ഈ ഡ്രോണുകൾ സഹായിക്കുമെന്ന് യുഎസ് വ്യക്തമാക്കുന്നു. 3.99 ബില്യൺ ഡോളറിന്റെ എസ്റ്റിമേറ്റഡ് വിലയിൽ ഡ്രോണുകൾ വിൽക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ് അംഗീകാരം നൽകിയിരുന്നു.
സവിശേഷതകൾ
പൂർണ നിശബ്ദതയിലും പ്രവർത്തിക്കാൻ കഴിയുമെന്നതാണ് എംക്യു-9ബി പ്രിഡേറ്റർ ഡ്രോണുകളുടെ ഏറ്റവും വലിയ സവിശേഷത. ടാർഗറ്റിന് കണ്ടുപിടിക്കാൻ കഴിയാത്ത വിധം ഭൂമിയോട് ചേർന്ന് 250 മീറ്റർ ഉയരത്തിൽവരെ പറക്കാൻ ഇതിന് സാധിക്കുന്നു. ഒരു കൊമേഴ്‌ഷ്യൽ വിമാനത്തിന് പറക്കാനാവുന്നതിലും ഉയരത്തിൽ ഭൂമിയിൽ നിന്ന് 50,000 മീറ്റർ ഉയരത്തിൽവരെ ഈ ഡ്രോണിന് പറക്കാനാവും. മണിക്കൂറിൽ 442 കിലോമീറ്ററാണ് ഡ്രോണിന്റെ ഏറ്റവും ഉയർന്ന വേഗത.
ഏത് കാലാവസ്ഥയിലും ദൈർഘ്യമേറിയ ദൗത്യങ്ങളിൽ ഈ ഡ്രോൺ വിന്യസിക്കാനാകുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. എയർ ടു എയർ മിസൈലുകൾ കൂടാതെ, എയർ ടു ഗ്രൗണ്ട് മിസൈലുകളും ഡ്രോണിൽ സജ്ജീകരിക്കാനാകും. നാല് മിസൈലുകളും 450 കിലോ ബോംബുകളും ഉൾപ്പെടെ 1,700 കിലോഗ്രാംവരെ ലോഡ് വഹിക്കാനും ഇന്ധനം നിറയ്ക്കാതെ 2,000 മൈൽ സഞ്ചരിക്കാനും കഴിയും.
35 മണിക്കൂർ വരെ ഡ്രോണിന് തുടർച്ചയായി പറക്കാൻ സാധിക്കുമെന്നും നിർമ്മാതാക്കളായ ജനറൽ ആറ്റോമിക്സ് എയറോനോട്ടിക്കൽ സിസ്റ്റംസ് വ്യക്തമാക്കുന്നു.