
അനന്തപൂർ: ദുലീപ് ട്രോഫി മത്സരത്തിനിടെ സഞ്ജു സാംസണോട് കുപിതനായി പേസ് ബോളർ അർഷ്ദീപ് സിംഗ്. അടുത്തിടെ നടന്ന ഇന്ത്യഎയ്ക്കെതിരായ മത്സരത്തിനിടെയാണ് സംഭവം നടന്നത്. സഞ്ജുവും അർഷ്ദീപ് സിംഗും ഇന്ത്യ ഡി ടീമിൽ ആയിരുന്നു. അർഷ്ദീപിന്റെ പന്തിൽ ഖലീൽ അഹമ്മദ് നൽകിയ ക്യാച്ചിന് സഞ്ജുവോ സ്ലീപ്പിൽ ഫീൽഡ് ചെയ്തിരുന്ന ദേവ്ദത്ത് പടിക്കലോ ശ്രമിച്ചില്ലെന്നതിന്റെ പേരിലായിരുന്നു രോഷപ്രകടനം. മത്സരം നടന്നിട്ട് ഏതാനും ദിവസങ്ങളായെങ്കിലും സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവരുന്നത്. അർഷ്ദീപ് ദേഷ്യപ്പെട്ട് മോശം വാക്കുകൾ പറയുന്നത് വീഡിയോയിൽ കേൾക്കാം.
മത്സരത്തിൽ ഇന്ത്യ എ ബാറ്റുചെയ്യുമ്പോഴാണ് സംഭവം. ഷംസ് മുളാനിയുടെ അർദ്ധസെഞ്ചറിക്കരുത്തിൽ ഇന്ത്യ എ 77 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു നിൽക്കെയാണ് അർഷ്ദീപ് ബാൾ ചെയ്യാനെത്തുന്നത്. അർഷ്ദീപിന്റെ ആദ്യ പന്തുതന്നെ ഖലീൽ അഹമ്മദിന്റെ ബാറ്റിൽത്തട്ടി പിന്നിലേക്ക് പോയി. എന്നാൽ വീക്കറ്റ് കീപ്പറായ സഞ്ജുവും സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന ദേവ്ദത്ത് പടിക്കലും തമ്മിലുള്ള ആശയക്കുഴപ്പം നിമിത്തം ഇരുവർക്കുമിടയിലൂടെ പന്ത് നേരെ ബൗണ്ടറിലേക്ക് പോകുകയായിരുന്നു. ഇരുവരും പന്ത് പിടിക്കാൻ ശ്രമിക്കാത്തതിന്റെ ദേഷ്യത്തിൽ അർഷ്ദീപ് അസഭ്യവാക്കുകൾ ഉപയോഗിക്കുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെ നിരവധി സഞ്ജു ആരാധകർ രംഗത്തെത്തുന്നുണ്ട്. ആരും സഞ്ജുവിനെ ബഹുമാനിക്കുന്നില്ലെന്നാണ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്തത്.
No one Respects Sanju.
— Arjun¹⁷ (@89at_gabba) September 21, 2024
Arshdeep..😭😭 pic.twitter.com/NHs8Rw3z7L