lanka3

കൊളംബോ: സംഘർഷങ്ങൾക്ക് ഒട്ടും കുറവില്ലാത്ത രാജ്യമാണ് നമ്മുടെ തൊട്ടടുത്തുള്ള ശ്രീലങ്ക. വർഷങ്ങൾ നീണ്ട ആഭ്യന്തര യുദ്ധത്തിനുശേഷമാണ് തമിഴ് പുലികളെ തുരത്തിയത്. ഒടുവിൽ ജനകീയ സർക്കാരിന്റെ കൊള്ളരുതായ്മകൾക്കെതിരെ ജനം തെരുവിലിറങ്ങിയ കാഴ്ച രണ്ടുവർഷം മുമ്പ് ആ രാജ്യം കാണേണ്ടിവന്നു. രാജിവയ്ക്കാൻ പോലും ആവാതെ , ഔദ്യോഗിക വസതി അടക്കം പിടിച്ചടക്കിയ ജനങ്ങളിൽ നിന്ന് രക്ഷപ്പെട്ടോടിയ അന്നത്തെ പ്രസിഡന്റ് മഹിന്ദ രാജപക്സെ അഭയം തേടിയ രാജ്യത്തുനിന്ന് ഇ മെയിലൂടെയാണ് രാജിക്കത്ത് അയച്ചത്.

ജനകീയ കലാപം നടന്ന് രണ്ടുവർഷം കഴിയുമ്പോൾ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനകീയ പ്രക്ഷോഭത്തിന് ചുക്കാൻ പിടിച്ച 'ജനത വിമുക്തി പെരമുന' നേതാവ് 'അനുര കുമാര ദിസനായകെ' വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അങ്ങനെ ശ്രീലങ്കയിൽ ചരിത്രത്തിലാദ്യമായി ഒരു മാർക്സിസ്റ്റ് പ്രസിഡന്റ് അധികാരമേൽക്കാൻ പോവുകയാണ്. ജനത വിമുക്തി പെരമുനയും കൂടി ഉൾപ്പെടുന്ന നാഷണൽ പീപ്പിൾസ് പവറിന്റെ (എന്‍പിപി) ശക്തനായ നേതാവാണ് ദിസനായകെ. യുവ രക്തമായ അദ്ദേഹത്തെ യുവാക്കൾ കൈയയച്ച് സഹായിച്ചു എന്നത് ഫലസൂചനകളിൽ വ്യക്തം.

ശരിക്കും പീപ്പിൾസ് പവർ

കമ്യൂണിസ്റ്റ് ചൈനയോട് വിധേയത്വം പുലർത്തി രാജ്യത്തെ സർവവും അവർക്ക് അടിയറവച്ചതോടെയാണ് ശ്രീലങ്ക വൻ കടക്കെണിയിലായത്. അപകടം തിരിച്ചറിയുമ്പോഴേക്കും തിരിച്ചുകയറാനാകാത്തവിധം ആ രാജ്യം തകർന്നു. ജീവിതം വഴിമുട്ടിയതോടെ ജനം തെരുവിലിറങ്ങി. പിന്നെ നടന്നതിനെല്ലാം ചരിത്രം സാക്ഷി. ചൈനയുടെ കടന്നുകയറ്റത്തിനൊപ്പം ഭരണാധികാരികളുടെ അഴിമതിയും കൂടിയാണ് രാജ്യത്തെ തകർത്ത് തരിപ്പണമാക്കിയതെന്ന് വ്യക്തമായതോടെയാണ് രാജ്യത്ത് കലാപമുണ്ടായത്.

അഴിമതി ഇല്ലാതാക്കി രാജ്യത്തെ പഴയ പ്രതാപകാലത്തേക്ക് ഉയർത്തുമെന്നതാണ് ദിസനായകെയുടെ പ്രധാന വാഗ്‌ദാനം. ഇതിനൊപ്പം സ്വകാര്യവത്കരണം പുനഃപരിശോധിക്കും, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കും, ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുംക തുടങ്ങിയ വാഗ്ദാനങ്ങളും എന്‍പിപി മുന്നോട്ടുവച്ചു. ഇക്കാര്യങ്ങളെല്ലാം പൂർണമായും വിശ്വാസത്തിലെടുത്ത ജനങ്ങൾ ദിസനായകെയ്ക്ക് അനുകൂലമായി വിധിയെഴുതുകയായിരുന്നു.

പ്രതീക്ഷയുടെ യുവ രക്തം

കണ്ടുപഴകിയ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായി പ്രാക്ടിക്കൽ രാഷ്ട്രീയത്തിന്റെ പ്രയോക്താവായാണ് ശ്രീലങ്കയിലെ രാഷ്ട്രീയ നിരീക്ഷകർ ദിസനായകെയെ വിലയിരുത്തുന്നത്. ചെറുപ്പകാലം മുതൽ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞുവന്നതിന്റെ അനുഭവജ്ഞാനമാണ് അദ്ദേഹത്തിന്റെ മുതൽക്കൂട്ട്. ദിസനായകെയുടെ ചെറുപ്പകാലത്ത് തീവ്ര കമ്യൂണിസ്റ്റ് ചായ്‌വുള്ള പാർട്ടിയായിരുന്നു ജനത വിമുക്തി പെരമുന എന്ന ജെവിപി. പിന്നീട് പലകാരണങ്ങൾ കൊണ്ടും ആ തീവ്രത ഉപേക്ഷിച്ചു.

സ്കൂൾ കാലം മുതൽ ജെവിപിയുടെ ആശങ്ങളിൽ ആകൃഷ്ടനായിരുന്നു ദിസനായകെ. വിദ്യാഭ്യാസ കാലമാണ് അദ്ദേഹത്തിലെ രാഷ്ട്രീയക്കാരനെ രാകി മിനുക്കിയത്. 1995 ൽ പാർട്ടി പോളിറ്റ്ബ്യൂറോയിൽ എത്തി. 2000മുതൽ പാർലമെന്റ് അംഗം കൂടിയാണ്. 2014 ൽ പതിനേഴാം പാർട്ടികോൺഗ്രസോടെയാണ് നേതൃത്വത്തിന്റെ തലപ്പത്തേക്ക് അദ്ദേഹം എത്തിയത്.

താൻ പിന്തുണയ്ക്കുന്നവരുടെ കൊള്ളരുതായ്മകൾക്കെതിരെ വടിയെടുക്കാനും ദിസനായകെ മടികാണിച്ചില്ല. 1994ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചന്ദ്രിക കുമാരതുംഗയെയാണ് അദ്ദേഹവും പാർട്ടിയും പിന്തുണച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഭരണകൂടത്തിന്റെ കടുത്ത വിമർശകനായി അദ്ദേഹം മാറുകയായിരുന്നു.

lanka-

വിപ്ലവത്തിൽ പൊളിഞ്ഞു, പക്ഷേ ബാലറ്റിൽ

തുടക്കത്തിൽ ശ്രീലങ്കയിൽ വിപ്ലവത്തിന്റെ പര്യായമായിരുന്നു ജെവിപി. അധികാരം പിടിക്കാൻ രണ്ടുതവണയാണ് കലാപത്തിന് ശ്രമിച്ചത്. പക്ഷേ, ആസൂത്രണത്തിലെ പിഴവടക്കം പല കാരണങ്ങൾ കൊണ്ടും രണ്ടുതവണയും വിപ്ലവം പൊളിഞ്ഞു.

റഷ്യയിലെ ലുമുംബ സർവകലാശാലയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിയായ റൊഹാന വിജവീരയാണ് ജനതാ വിമുക്തി പെരുമുനയ്ക്ക് തുടക്കമിട്ടത്. സ്‌കോളർഷിപ്പോടെ സോവിയ​റ്റ് യൂണിയനിൽ മെഡിക്കൽ പഠനത്തിന് അവസരം ലഭിച്ചതാണ് വിജവീരയെ കമ്യൂണിസവുമായി അടുപ്പിച്ചത്. സായുധ കലാപത്തിന്റെ കടുത്ത ആരാധകനായിരുന്നു വിജവീര.

ചെഗുവേരയുടെ ആരാധകനായ അദ്ദേഹം വേഷത്തിലും ഭാവത്തിലുമെല്ലാം ചെയെ അനുകരിക്കാനും ശ്രമിച്ചിരുന്നു. വിമർശിക്കുന്നത് ഇഷ്ടപ്പെടാത്ത അദ്ദേഹം തന്റെ ആശയങ്ങൾ നടപ്പാക്കാനായിരുന്നു മുൻതൂക്കം നൽകിയിരുന്നത്. അതിലൊന്നായിരുന്നു സായുധ വിപ്ലവത്തിനുള്ള ശ്രമം. പക്ഷേ, ഭരണകൂടം വിപ്ളവശ്രമം തകർത്തു. പല നേതാക്കളും പിടിയിലായി. വിപ്ലവം ഉപേക്ഷിച്ച് ബാലറ്റിലൂടെ അധികാരത്തിലെത്താൻ തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വൻ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

1989 ലായിരുന്നു രണ്ടാമത്തെ സായുധ വിപ്ലവത്തിനുള്ള ശ്രമം. അതും പൊളിഞ്ഞുപാളീസായി. മുൻ കലാപസമയത്തെക്കാൾ തീവ്രമായിട്ടായിരുന്നു ഭരണകൂടം ഇത്തവണ ജെവിപിയെ നേരിട്ടത്. പാർട്ടിയെ പിന്തുണച്ച പലരും കൊല്ലപ്പെട്ടു. വിജവീരയും അറസ്റ്റിലായി. കുറച്ചുനാൾക്കകം അദ്ദേഹം കൊല്ലപ്പെട്ടു. കസ്​റ്റഡിയിലിരിക്കെ അപ്രതീക്ഷിതമായി മരണം സംഭവിച്ചെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. ശരിക്കും തീ കൊളുത്തി കൊല്ലുകയായിരുന്നു എന്നാണ് ജെവിപി ആരോപിക്കുന്നത്.

രണ്ടുതവണ ശ്രമിച്ചിട്ടും വിപ്ലവത്തിലൂടെ അധികാരം പിടിക്കാൻ ജെവിപിക്ക് ആയില്ല. അതിനുള്ള മധുരപ്രതികാരം കൂടിയാവും ബാലറ്റിലൂടെയുള്ള അധികാരം പിടിക്കൽ. ജനങ്ങൾ വൻ ഭൂരിപക്ഷം നൽകി എന്നതും വിജയത്തിന്റെ മധുരം കൂട്ടുന്നു.

lanka-

പക്ഷേ, ഭാവി

ജനങ്ങൾ വൻ പ്രതീക്ഷയോടെയാണ് ജെവിപി ഉൾപ്പെടുന്ന എന്‍പിപിയെ അധികാരത്തിലേറ്റുന്നത്. എന്നാൽ കൂർത്ത മുള്ളുകളും കുപ്പിച്ചില്ലുകളും മാത്രം നിറഞ്ഞ വഴിയിലൂടെയുളള പുതിയ ഭരണകൂടത്തിന്റെ യാത്ര ഒരുതരത്തിലും സുഖകരമായിരിക്കില്ലെന്ന് ഉറപ്പ്. ഇന്ധനം, ആഹാരം, വൈദ്യുതി, ജീവൻരക്ഷാ മരുന്നുകൾ തുടങ്ങി സർവ സാധനങ്ങൾക്കും ശ്രീലങ്കയിൽ തൊട്ടാൽ പൊള്ളുന്ന വിലയാണ് ഇപ്പോഴും. അത് കുറയ്ക്കണം. ലക്ഷം കോടികൾ വരുന്ന വിദേശകടങ്ങൾ തീർക്കുന്നതിനൊപ്പം രാജ്യത്തിന്റെ കരുതൽ ധനശേഖരണം ഉയർത്തി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തേണ്ടതും പുതിയ സർക്കാരിന്റെ പ്രഥമപരിഗണനകളിലൊന്നാണ്.