
ചെന്നൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ നാലാം ദിവസം ഇന്ത്യയ്ക്ക് വമ്പൻ വിജയം. ബംഗ്ലാദേശിനെ 280 റൺസിനാണ് ഇന്ത്യ തകർത്തത്. ചെപ്പോക്കിൽ 515 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 234 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ആർ അശ്വിൻ ആറ് വിക്കറ്റ് വീഴ്‌ത്തി.
515 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശ് വെളിച്ചക്കുറവ് മൂലം മൂന്നാം ദിനമായ ഇന്നലെ നേരത്തേ കളി നിറുത്തുമ്പോൾ 158/4 എന്ന നിലയിലായിരുന്നു. 76 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവശേഷിച്ച ആറ് വിക്കറ്റ് കൂടി ബംഗ്ലാദേശിന് നഷ്ടമായി. ഒന്നാം ഇന്നിംഗിസിൽ സെഞ്ച്വറിയുമായി ഇന്ത്യയുടെ രക്ഷകനായ അശ്വിൻ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗിസിൽ 21 ഓവറിൽ 88 റൺസ് വഴങ്ങി ആറു വിക്കറ്റും വീഴ്‌ത്തി. ആദ്യ ഇന്നിംഗിസിൽ 56 റൺസ് നേടിയ രവീന്ദ്ര ജഡേജ രണ്ടാം ഇന്നിംഗിസിൽ 15.1 ഓവറിൽ 58 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇരുവരും ഇന്ത്യയുടെ വിജയശിൽപികളായി.
ഒന്നര വർഷത്തിനേ ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തരിച്ചുവരവ് നൂറടിച്ച് ആഘോഷിച്ച റിഷഭ് പന്തിന്റെയും (109), ഫോമിലേക്ക് തിരിച്ചെത്തിയ ശുഭ്‌മാൻ ഗില്ലിന്റെയും (പുറത്താകാതെ 119) തകർപ്പൻ സെഞ്ച്വറികളുടെ മികവിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 287/4 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.