cpm

കണ്ണൂർ: സിപിഎം ഭരിക്കുന്ന സഹകരണബാങ്കിൽ വായ്‌പ തിരിമറി കണ്ടെത്തിയതിനെ തുടർന്ന് നാല് പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. കണ്ണൂർ ഇരിട്ടി കോളിത്തട്ട് സർവീസ് സഹകരണബാങ്ക് ഭരണസമിതിയിലെ ഏരിയാ കമ്മിറ്റിയടക്കമുളളവർക്കെതിരെയാണ് നടപടി. മരിച്ചയാളുടെ പേരിൽ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ വായ്പയെടുത്തതിനെ തുടർന്നാണിത്. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ബാങ്ക്.

ഇതോടെ നിരവധി നിക്ഷേപകർ ബാങ്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മരപ്പണിക്കാരനും ഹൃദ്യോഗിയുമായ ബാലൻ ബാങ്കിൽ എട്ട് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഇത് തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് ചതി മനസിലായതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സൈന്യത്തിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണം തോമസ്, ഡേവിഡ് തുടങ്ങിയവർ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇത്തരത്തിൽ ചതി പറ്റിയ നിരവധിയാളുകളുണ്ട്. അതേസമയം, ചെറിയ തുക നിക്ഷേപിച്ചവ‌ർക്കുപോലും തിരികെ ലഭിക്കാത്ത അവസ്ഥയാണ്.

കോടികളുടെ ക്രമക്കേടാണ് ബാങ്കിൽ നടന്നിരിക്കുന്നതെന്ന് സഹകരണ വകുപ്പ് കണ്ടെത്തി. പണയ സ്വർണം മറ്റൊരു ബാങ്കിൽ പണയം വച്ച് പണം വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബിനാമി വായ്പകൾ സംഘടിപ്പിച്ചും മരിച്ചയാളുടെ പേരിൽ വായ്പയെടുത്തുമാണ് തട്ടിപ്പുകൾ നടത്തിയിരിക്കുന്നത്. നോട്ടീസ് കിട്ടിയതോടെയാണ് പലരും ചതി മനസിലാക്കിയത്. ഇതോടെ നിക്ഷേപകർ ഉളിക്കൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ബാങ്കിലെ ജീവനക്കാ‌ർക്കും ഭരണസമിതിക്കുമെതിരെ നടപടിയാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നിക്ഷേപകർ.