parvati-nair

ചെന്നെെ: വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. കോടതി നിർദേശത്തെ തുടർന്നാണ് നടപടി. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായെന്ന് കാട്ടി 2022ൽ പാർവതി നായർ ചെന്നെെ പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ നുംഗമ്പാക്കത്തെ വീട്ടിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും രണ്ട് ലക്ഷം രൂപയുടെ ലാപ്ടോപ്പും കാണാതായെന്നും വീട്ടിൽ ജോലിക്ക് നിന്നിരുന്ന സുഭാഷിനെ സംശയമുണ്ടെന്നുമായിരുന്നു പരാതിയിൽ നടി പറഞ്ഞത്.

ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ നടിയുടെ സഹായികൾ മർദ്ദിച്ചെന്ന് ആരോപിച്ച് സുഭാഷ് പൊലീസിൽ പരാതി നൽകി. എന്നാൽ ഈ പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് സുഭാഷ് സെെദാപേട്ട് കോടതിയിൽ ഹർജി നൽകുകയായിരുന്നു. കോടതിയുടെ നിർദേശപ്രകാരമാണ് പാ‌ർവതിയ്ക്കും ഏഴുപേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ആരോപണം പാർവതി നിഷേധിച്ചിട്ടുണ്ട്. നഷ്ടമായ പണം വീണ്ടെടുക്കാൻ നിയമവഴി മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും സുഭാഷിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും നടി പ്രതികരിച്ചു.