
കൊല്ലം: ഇടവിട്ടുള്ള മഴയും ഒപ്പമുള്ള വെള്ളക്കെട്ടും നിമിത്തം ജില്ലയെ വിട്ടാെഴിയാതെ ഡെങ്കിയും എലിപ്പനിയും. കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തതിനേക്കാൾ ഏറെ കേസുകളാണ് ഈ വർഷമുണ്ടായത്.കഴിഞ്ഞവർഷം സെപ്തംബർ 18 വരെ 91 ഡെങ്കികേസുകളും ഒരു എലിപ്പനിയുമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇതുവരെ ഇതേ കാലയളവിൽ 146 ഡെങ്കി കേസുകളും 12 എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയിൽ 55 ഉം എലിപ്പനിയിൽ 11 ഉം എണ്ണത്തിന്റെ വർദ്ധനയാണ് ഉണ്ടായത്. ഈ സ്ഥിതി തുടർന്നാൽ വർഷം അവസാനിക്കുമ്പോഴേക്കും വലിയതോതിലേക്ക് രോഗാവസ്ഥ മാറാൻ സാദ്ധ്യതയുണ്ട്.
മേയ്, ജൂൺ, ജൂലായ് മാസങ്ങളിലാണ് ഡെങ്കിയും എലിപ്പനിയും മറ്രും വ്യാപിക്കുന്നത്. എന്നാൽ ഈ വർഷം ജനുവരി മുതൽ തന്നെ വ്യാപനമുണ്ടായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. വേനൽകാലത്ത് ചൂടുകുറയ്ക്കാൻ പലരും ടാർപോളിൻ വലിച്ചു കെട്ടി വെള്ളം നിറച്ചുവച്ചതും രോഗം കൂടാൻ കാരണമായി.
ഡെങ്കി ലക്ഷണങ്ങൾ
കടുത്ത പനി തലവേദന പേശിവേദന വിശപ്പില്ലായ്മ മനംപുരട്ടൽ ഛർദ്ദി ക്ഷീണം തൊണ്ടവേദന ചെറിയ ചുമ കണ്ണിന് പുന്നിൽ വേദന
രോഗം മൂർച്ഛിച്ചാൽ
തുടർച്ചയായ ഛർദ്ദി, വയറുവേദന, കറുത്ത മലം, ശ്വാസംമുട്ടൽ, ശരീരം ചുവന്നുതടിക്കുക, കഠിനമായ ക്ഷീണം, ശ്വാസതടസം, താഴ്ന്ന രക്തസമ്മർദ്ദം. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയൽ
എലിപ്പനി
പനി പേശിവേദന തലവേദന വയറുവേദന ഛർദ്ദി കണ്ണ് ചുവപ്പ്
രോഗം മൂർച്ഛിച്ചാൽ
കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കും
പ്രതിരോധം പ്രധാനം
കൊതുകുകളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കണം
എല്ലാ ഞായറാഴ്ചകളിലും വീടുകളിൽ ഡ്രൈഡേ ആചരിക്കണം, കിണർ ക്ലോറിനേറ്റ് ചെയ്യണം
പാത്രങ്ങൾ, ചിരട്ട, ടയർ, മുട്ടത്തോട്, പൂച്ചട്ടികൾ, ഫ്രിഡ്ജിന് പിന്നിൽ കെട്ടിക്കിടക്കുന്ന വെള്ളം എന്നിവ വൃത്തിയാക്കണം
ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കണം
മലിനജല സമ്പർക്കത്തിലൂടെയാണ് എലിപ്പനിയുടെ വ്യാപനം
ജലത്തിലിറങ്ങുന്നവർ മുൻകരുതൽ സ്വീകരിക്കണം
മുറിവിലൂടെയും മറ്രും അണുക്കൾ പ്രവേശിക്കും
എലിപ്പനിക്ക് ഡോക്‌സിസൈക്ലീൻ ഗുളിക നിർദ്ദേശാനുസരണം കഴിക്കണം