indigo-plane

സംയുക്ത വിപണി വിഹിതം 90 ശതമാനത്തിലേക്ക്

ആഗസ്റ്റിൽ വിമാന യാത്രികരുടെ എണ്ണം 5.7 ശതമാനം ഉയർന്ന് 1.31 കോടിയായി

കൊച്ചി: ഇന്ത്യൻ വ്യോമയാന വിപണി രണ്ടു കമ്പനികളുടെ കൈപ്പിടിയിലേക്ക്. ആഭ്യന്തര വിമാന സർവീസുകളിൽ 90 ശതമാനം വിഹിതത്തോടെ ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യയും ഇന്റർഗ്ളോബ് എന്റർപ്രസസിന്റെ ഇൻഡിഗോയും ഇന്ത്യൻ ആകാശം വാഴുകയാണ്. കൊവിഡ് ലോക്ക്‌ഡൗണിന് മുമ്പ് രാജ്യത്തെ രണ്ടാമത്തെ വലിയ വിമാന കമ്പനിയായിരുന്ന സ്‌പൈസ് ജെറ്റിന്റെ വിപണി വിഹിതം കൂടി കൈയടക്കിയാണ് ഇവ റെക്കാഡ് വളർച്ച നേടുന്നത്. മറ്റൊരു പ്രമുഖ എയർലൈനായ ഗോ ഫസ്‌റ്റ് ഈ വർഷമാദ്യം പ്രവർത്തനം നിറുത്തിയിരുന്നു. നിലവിൽ സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനി ഇൻഡിഗോയാണ്. ആഭ്യന്തര വിപണിയിൽ കമ്പനിയുടെ വിപണി വിഹിതം 62.7 ശതമാനമാണ്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള മൂന്ന് വിമാന കമ്പനികളുടെ വിപണി വിഹിതം 27 ശതമാനമായി ഉയർന്നു. എയർ ഇന്ത്യ എക്സ്‌പ്രസ്, എയർ ഏഷ്യ എക്‌സ്‌പ്രസ്, വിസ്താര എന്നിവ ഉൾപ്പെടുന്ന എയർ ഇന്ത്യ എയർലൈൻസ് രണ്ടുവർഷത്തെ പുനരുജ്ജീവന പദ്ധതി പൂർത്തിയാക്കുമ്പോൾ വിപണി വിഹിതം ആറ് ശതമാനം വർദ്ധിപ്പിച്ചു.

വിമാന കമ്പനികളുടെ ശവപ്പറമ്പ്

പത്ത് വർഷത്തിനിടെ അനവധി വിമാന കമ്പനികൾ ഇന്ത്യയിൽ നിലംപരിശായി. ചെലവ് കുറഞ്ഞ എയർലൈനുകൾ മുതൽ ആഡംബര സേവനദാതാക്കൾ വരെ മത്സരം നേരിടാനാകാതെ തകർന്നു. ഇതിൽ 1981ൽ ആരംഭിച്ച വായുദൂത് മുതൽ 2024ൽ വീണുപോയ ഗോ ഫസ്റ്റ് വരെ ഉൾപ്പെടുന്നു.

നിലവിലെ കമ്പനികൾ

ഇൻഡിഗോ

എയർ ഇന്ത്യ(ടാറ്റ)

വിസ്‌താര(ടാറ്റ)

എ.ഐ.എക്സ് കണക്‌ട്(ടാറ്റ)

സ്‌പൈസ് ജെറ്റ്

ആകാശ എയർ

അലയൻസ് എയർ

ചിറക് കരിഞ്ഞവർ

സഹാറ എയർലൈൻസ്

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2007ൽ ജെറ്റ് എയർവെയ്‌സ് ഏറ്റെടുത്തു

ഡെക്കാൻ എയർലൈൻസ്

മത്‌സരം നേരിടാനാവാതെ 2007ൽ കിംഗ്ഫിഷറിന് വിറ്റു

പാരാമൗണ്ട് എയർലൈൻസ്

കടക്കെണി മൂലം 2010ൽ പ്രവർത്തനം നിറുത്തി

ഇന്ത്യൻ എയർലൈൻസ്

2011ൽ എയർ ഇന്ത്യയുമായി ലയിച്ചു

കിംഗ് ഫിഷർ എയർലൈൻസ്

നഷ്‌ടം കുമിഞ്ഞു കൂടിയതോടെ 2012ൽ പൂട്ടി

എയർ കോസ്‌റ്റ

2017ൽ പ്രവർത്തനം നിറുത്തി

ജെറ്റ് എയർവെയ്സ്

കടം പെരുകി പ്രവർത്തനം അവസാനിപ്പിച്ചു

ഗോ ഫസ്‌റ്റ്

പാപ്പർ നടപടികൾ പുരോഗമിക്കുന്നു

ഇൻഡിഗോ മേധാവിത്വം

രാജ്യത്തെ 1,048 റൂട്ടുകളിൽ 769 ലും ഇൻഡിഗോ മാത്രമാണ് സർവീസ് നടത്തുന്നത്. വിസ്താരയുമായി ലയിച്ചതോടെ ടാറ്റ ഗ്രൂപ്പിന്റെ വിഹിതവും ഗണ്യമായി ഉയരുകയാണ്.

അടിതെറ്റുന്ന സ്പൈസ് ജെറ്റ്

രാജ്യത്തെ മറ്റൊരു പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റും പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ആഗസ്‌റ്റിൽ കമ്പനിയുടെ വിപണി വിഹിതം 2.3 ശതമാനമായി കുറഞ്ഞു. വിവിധ ധനകാര്യ സ്ഥാപനങ്ങൾക്കും സേവനദാതാക്കൾക്കും കോടിക്കണക്കിന് രൂപയാണ് കമ്പനി നൽകാനുള്ളത്. ഇതോടൊപ്പം കോടതികളിൽ നടക്കുന്ന കേസുകളും കമ്പനിയെ വലയ്ക്കുന്നു. പ്രവർത്തന ചെലവിന് പണമില്ലാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി.