
പ്രോട്ടീൻ കലവറ എന്നറിയപ്പെടുന്ന സോയാബീൻ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പയർ വർഗമാണ്. പോഷകങ്ങൾ ഏറെ അടങ്ങിയിട്ടുള്ള സോയ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ചിക്കൻ വിഭവം പോലെ സോയ തയ്യാറാക്കി കഴിക്കാവുന്നതിനാൽ സസ്യാഹാരികൾക്കും അല്ലാത്തവർക്കും ഇത് ഒരുപോലെ ഇഷ്ടമാകും. റെഡ് മീറ്റ്, ചിക്കൻ, മുട്ട, പാൽ ഉത്പന്നങ്ങൾ, മത്സ്യം എന്നിവയിൽ നിന്ന് ലഭിക്കുന്നതിന് സമാനമായ പ്രോട്ടീനുകൾ സോയയിൽ നിന്ന് ലഭിക്കുമെന്നതിനാൽ സസ്യഭുക്കുകൾക്ക് ഇത് ഇടയ്ക്കിടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
ദിവസവും സോയ ചങ്ക്സ് കഴിക്കുന്നത് വളരെ നല്ലതാണെന്ന് പറയാറുണ്ട്. എന്നാൽ അമിതമായാൽ പണിപാളുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സംസ്കരിച്ച സോയ ചങ്ക്സാണ് വിപണിയിലെത്തുന്നത്. അതിനാൽ കാര്യമായ അളവിൽ പ്രോട്ടീൻ ലഭിക്കണമെന്നില്ല. സോയ ചങ്ക്സ് കൂടുതൽ കഴിച്ചാൽ ഹോർമോൺ വ്യതിയാനം സംഭവിക്കാൻ സാദ്ധ്യതയേറെയാണ്.
ആഴ്ചയിൽ നാല് തവണയിലധികം കഴിക്കുന്നത് തെെറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാം. സോയ കൂടുതലായി കഴിച്ചാൽ ശരീരത്തിലെ ഈസ്ട്രജന്റെ അളവും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണും വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശരീരത്തിലെ യൂറിക് ആസിഡ് വർദ്ധിപ്പിക്കാനും അമിതമായി സോയ ചങ്ക്സ് കഴിക്കുന്നത് വഴി കാരണമാകും. എന്നാൽ പ്രതിദിനം പരമാവധി 25 മുതൽ 30 ഗ്രാം വരെ സോയ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെന്നാണ് പറയപ്പെടുന്നത്.