gas-cylinder

ഇന്നത്തെ കാലത്ത് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാചകവാതകം. തിരക്കുപിടിച്ച ജീവിതത്തിൽ മിക്കവർക്കും വിറകടുപ്പിൽ ആഹാരം പാകം ചെയ്യാൻ സമയം ലഭിക്കാറില്ല. അതിനാൽ തന്നെ ഗ്യാസ് അടുപ്പിനെയാണ് അധികം പേരും ആശ്രയിക്കുന്നത്. കത്തിക്കയറുന്ന പാചകവാതക വില കുടുംബ ബഡ്‌ജറ്റിനെ താളം തെറ്റിക്കാറുണ്ട്. അടുക്കളയിൽ കൂടുതൽ വിഭവങ്ങളും ഗ്യാസ് അടുപ്പിൽ പാകം ചെയ്യുന്നതും പാചകവാതകം വളരെപ്പെട്ടെന്ന് തീരുന്നതിന് കാരണമാവും. എന്നാൽ ചില തുറുങ്ങ് വിദ്യകൾ ഉപയോഗിച്ച് പാചക വാതകം ലാഭിക്കാനായാലോ? ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചുനോക്കാം.

ആദ്യം തന്നെ ബർണർ കത്തിക്കുമ്പോൾ ചുവന്ന നിറത്തിലെ തീ ആണോ വരുന്നതെന്ന് നോക്കാം. ചുവന്ന നിറത്തിലെ ഫ്ളെയിം വരുമ്പോഴാണ് ബർണർ ഗ്യാസ് അധികമായി ഉപയോഗിക്കുന്നത്. ബ‌ർണറിൽ അഴുക്കും പൊടിയും മറ്റും ഉള്ളപ്പോഴാണ് നിറവ്യത്യാസം ഉണ്ടാവുന്നത്. ബർണർ വൃത്തിയാക്കുന്നതിനായി ഒരു മിശ്രിതം വീട്ടിൽതന്നെ തയ്യാറാക്കാം.

ഇതിനായി പാത്രം കഴുകുന്ന ലിക്വിഡ്, കുറച്ച് വിനാഗിരി, സോഡാപ്പൊടി എന്നിവ നന്നായി മിക്‌സ് ചെയ്ത് ബർണർ അതിലിട്ട് ഒരുമണിക്കൂർ നേരം മാറ്റിവയ്ക്കാം. ശേഷം ഒരു പഴയ ബ്രഷ് കൊണ്ട് ഉരച്ച് കഴുകിയെടുക്കാം. ബർണറിലെ ദ്വാരങ്ങൾക്കിടയിൽ പിന്നുകൊണ്ടോ പപ്പടംകുത്തികൊണ്ടോ ഈർക്കിൽ കൊണ്ടോ കുത്തി പൊടിയും അഴുക്കും കളയാം.