gold

ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തി. ഇന്നലെ പവൻ വില 600 രൂപ വർദ്ധിച്ച് 55,680 രൂപയിലെത്തി. ഗ്രാമിന്റെ വില 75 രൂപ വർദ്ധനയോടെ 6,960 രൂപയിലെത്തി. കഴിഞ്ഞ മേയ് 20 ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയെന്ന റെക്കാഡാണ് ഇന്നലെ സ്വർണം മറികടന്നത്. 24 കാരറ്റ് തനി തങ്കത്തിന്റെ വില കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,622 ഡോളർ വരെ ഉയർന്നതാണ് കരുത്തായത്.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം വർദ്ധിപ്പിക്കുന്നതും വില കൂടാൻ കാരണമായി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷം ശക്തമാകുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂടുന്നു. കഴിഞ്ഞ വാരം അപ്രതീക്ഷിതമായി അമേരിക്കയിലെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അര ശതമാനം കുറച്ചതും സ്വർണ നിക്ഷേപകർക്ക് ആവേശം പകർന്നു.

ഈ വർഷം ജനുവരി ഒന്നിന് കേരളത്തിലെ സ്വർണ വില 46,840 രൂപയായിരുന്നു. ഇതുവരെ പവൻ വിലയിൽ 8,840 രൂപയുടെ വർദ്ധനയുണ്ടായി. കേന്ദ്ര ബഡ്ജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും ആറ് ശതമാനമായി കുറച്ചതോടെ പവൻ വില പൊടുന്നനെ 4,000 രൂപയ്ക്കടുത്ത് ഇടിഞ്ഞിരുന്നു. അതിന് ശേഷം ആഗോള വിപണിയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ വില മുകളിലേക്ക് നീങ്ങി. ബഡ്ജറ്റിലെ ഇളവുണ്ടായിരുന്നില്ലെങ്കിൽ ഈ വർഷം പവൻ വിലയിൽ 12,500 രൂപയുടെ വർദ്ധന ഉണ്ടാകുമായിരുന്നു.

ഒരു പവൻ വാങ്ങുന്നതിന് വില 60,217 രൂപയാകും. ഇപ്പോഴത്തെ വിലയിൽ പണിക്കൂലിയും ചരക്ക് സേവന നികുതിയും(ജി.എസ്.ടി) ഉൾപ്പെടെ ഒരു പവൻ വാങ്ങുമ്പോൾ 60,217 രൂപയാകും. പല ജുവലറികളും സ്വർണാഭരണങ്ങൾക്ക് മേൽ അഞ്ച് ശതമാനം മുതൽ പണിക്കൂലിയാണ് ഈടാക്കുന്നത്. മൂന്ന് ശതമാനമാണ് ജി.എസ്.ടി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വിലയിൽ കുതിപ്പുണ്ടാക്കിയതെന്ന് എ.കെ.ജി.എസ്.എം.എ ട്രഷറർ എസ്. അബ്ദുൽ നാസർ പറഞ്ഞു.