e

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിൽ സെനികർ സഞ്ചരിച്ച ട്രെയിൻ സ്‌ഫോടനം നടത്തി തകർക്കാൻ ശ്രമം. സമയോചിത ഇടപെടലോടെ വൻ ദുരന്തം ഒഴിവായതായി അധികൃതർ അറിയിച്ചു. ട്രാക്കിൽ നിന്ന് പത്ത് ഡിറ്റണേറ്ററുകൾ കണ്ടെത്തി. സഗ്ഫാത റെയിൽവേ സ്റ്റേഷനു സമീപം ഇന്നലെയായിരുന്നു സംഭവം. ജമ്മു കശ്മീരിൽ നിന്ന് കർണാടകയിലേക്ക് പോകുകയായിരുന്നു സൈന്യത്തിന്റെ പ്രത്യേക ട്രെയിൻ. ഡിറ്റണേറ്ററുകൾക്ക് മുകളിലൂടെ ട്രെയിൻ കടന്നപ്പോൾ സ്‌ഫോടനമുണ്ടായി. ലോക്കോ പൈലറ്റ് ഉടൻ

ട്രെയിൻ നിറുത്തുകയും സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയും ചെയ്‌തു. ആർക്കും പരിക്കില്ല. ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി,.എസ്), ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), റെയിൽവേ, ലോക്കൽ പൊലീസ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അന്വേഷണമാരംഭിച്ചു.

യു.പിയിൽ ട്രാക്കിൽ സിലിണ്ടർ

അട്ടിമറി സംശയം

അതേസമയം,​ ഉത്തർപ്രദേശിലെ കാൺപൂരിൽ റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തി . ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്. പ്രേംപുർ റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ പുലർച്ചെ 5.50നായിരുന്നു സംഭവം. പ്രയാഗ്‌രാജിൽ നിന്ന് കാൺപൂരിലേക്കു പോകുകയായിരുന്നു ചരക്ക് ട്രെയിൻ. സിലിണ്ടർ ശ്രദ്ധിച്ച ലോക്കോ പൈലറ്റ് ഉടൻ ബ്രേക്ക് പിടിക്കുകയും സിലിണ്ടറിൽ ഇടിക്കുന്നതിനു മുമ്പ് ട്രെയിൻ നിൽക്കുകയും ചെയ്തു. റെയിൽവേ പൊലീസ് എത്തി സിലിണ്ടർ മാറ്റി. അഞ്ച് കിലോയുടെ കാലി സിലിണ്ടറായിരുന്നുവെന്നും പരിശോധന തുടരുകയാണെന്നും നോർത്ത് സെൻട്രൽ റെയിൽവേ വക്താവ് അറിയിച്ചു. അട്ടിമറി നീക്കം ഉൾപ്പെടെ അന്വേഷിച്ചുവരികയാണ്. ഈ മാസം ആദ്യവും സമാനസംഭവമുണ്ടായി. ട്രാക്കിൽ വച്ചിരുന്ന എൽ.പി.ജി സിലിണ്ടറിൽ പ്രയാഗ്‌രാജ്- ഭിവാനി കാളിന്ദി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് ബ്രേക്ക് പിടിച്ചെങ്കിലും സിലിണ്ടറിൽ തട്ടിയശേഷമാണ് ട്രെയിൻ നിന്നത്. കഴിഞ്ഞ മാസം 17ന് കാൺപൂരിനു സമീപം 22 കോച്ചുകളുള്ള വാരാണസി – അഹമ്മദാബാദ് സബർമതി എക്സ്പ്രസ് ഒരു വസ്തുവിൽ തട്ടി പാളം തെറ്റിയിരുന്നു.