madison-marsh

രാജ്യസേവനവും സൗന്ദര്യ സംരക്ഷണവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാമെന്ന് തെളിയിക്കുകയാണ് ഒരു അമേരിക്കക്കാരി. 2024 മിസ് അമേരിക്ക സൗന്ദര്യറാണി പട്ടം ചൂടിയ മാഡിസൺ മാർഷ് അമേരിക്കൻ വ്യോമസേനയിലെ മികച്ച പൈലറ്റ് കൂടിയാണ്. പാഷനൊപ്പം സ്വന്തം പരിചരണത്തിനും ശ്രദ്ധ നൽകാമെന്നതിന് ഉദാഹരണമായി മാറുകയാണ് മാഡിസൺ.

'ബ്യൂട്ടി വിത്ത് ബ്രെയിൻ' എന്ന പരാമർശത്തിന് മികച്ച ഉദാഹരണമാണ് ആർകൻസസ് സ്വദേശിയായ മാഡിസൺ. വെറും 23 വയസ് മാത്രമുള്ള മാഡിസൺ സേനയിൽ പൈലറ്റായി പ്രവർത്തിക്കുന്നതിനൊപ്പം ഹാർവാർഡ് സർവകലാശാലയിൽ മാസ്റ്റേഴ്സ് ബിരുദവും ചെയ്യുന്നു. പബ്ളിക് പോളിസിയാണ് പഠനവിഷയം. വെറും പതിനാറാം വയസിൽ സ്വകാര്യ പൈലറ്റെന്ന നിലയിൽ തന്റെ ആദ്യത്തെ സോളോ ഫ്ലൈറ്റ് പൂർത്തിയാക്കിയും മാഡിസൺ കയ്യടി നേടിയിരുന്നു. സയൻസ് പഠനം ജീവിതത്തിൽ നിരവധി വാതിലുകൾ തുറക്കുന്നതിന് കാരണമായെന്നും മാഡിസൺ പറയുന്നു.

മിസ് അമേരിക്ക മത്സരത്തിൽ നിന്ന് ലഭിച്ച സമ്മാനത്തുകയായ 70,000 ഡോളർ ക്യാൻസർ അവബോധ പ്രവർത്തനങ്ങൾക്കായാണ് മാഡിസൺ വിനിയോഗിക്കുന്നത്. 17 വയസ്സുള്ളപ്പോൾ ക്യാൻസർ ബാധയെത്തുടർന്ന് മാഡിസണിന് തന്റെ അമ്മയെ നഷ്ടപ്പെട്ടിരുന്നു. 41ാം വയസിലാണ് മാഡിസണിന്റെ മാതാവ് പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച് മരണപ്പെട്ടത്. തുടർന്ന് മാതാവിന്റെ സ്മരണാർത്ഥം വിറ്റ്‌നി മാർഷ് ഫൗണ്ടേഷൻ ആരംഭിച്ചുവെന്ന് മാഡിസൺ വ്യക്തമാക്കി. അമേരിക്കയിലുടനീളമുള്ള പാൻക്രിയാറ്റിക് ക്യാൻസർ രോഗികൾക്കായി തങ്ങൾ ഫണ്ടും സമാഹരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.