e

ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ അടക്കം മൂന്ന് പേർ അറസ്റ്റിൽ. 23കാരനായ സുന്ദർ, പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ എന്നിവരാണ് അറസ്റ്റിലായത്. മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ശേഷം സുന്ദറിനെ പൊലീസ് റിമാൻഡിലും പ്രായപൂർത്തിയാകാത്തവരെ കറക്ഷണൽ ഹോമിലും അയച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ചെന്നൈയ്ക്ക് സമീപം തായമ്പൂരിലാണ് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായത്. ട്യൂഷൻ ക്ലാസിൽ പോയി രാത്രി ഏഴരയ്ക്കാണ് പെൺകുട്ടി വീട്ടിലെത്തുക എന്നാൽ, വെള്ളിയാഴ്ച സമയം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിലെത്തിയില്ല. ഇതോടെ വീട്ടുകാർ ട്യൂഷൻ സെന്ററിൽ തിരക്കിയപ്പോൾ 7.15ഓടെ വീട്ടിലേക്ക് പോയതായി അറിഞ്ഞു. കൂട്ടുകാരുടെ വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രാത്രി ഒൻപതോടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ് പരിക്കേറ്റ നിലയിൽ പെൺകുട്ടി വീട്ടിലെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്‌തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

വീടിന് അര കിലോമീറ്റർ അകലെ വച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മാനഭംഗപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടി ചികിത്സയിലാണ്.