
തിരുവനന്തപുരം: ന്യൂസിലാന്റിലേയ്ക്ക് അനധികൃത നഴ്സിംഗ് റിക്രൂട്ട്മെന്റ് നടക്കുന്നതുകൊണ്ട് ജാഗ്രതപാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിപ്പ് നൽകിയതായി നോർക്ക റൂട്ട്സ്. കമ്പെറ്റൻസി അസെസ്മെന്റ് പ്രോഗ്രാമിലും (CAP) നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തിൽ നിന്നുളള നഴ്സിംഗ് പ്രൊഫഷണലുകൾ വിസിറ്റിംഗ് വിസയിൽ അനധികൃതമായി ന്യൂസിലാന്റിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രവിദേശകാര്യമന്ത്രാലയം ജാഗ്രതാനിർദ്ദേശം നൽകിയത്.
CAP-ൽ പങ്കെടുക്കാൻ വിസിറ്റിംഗ് വിസയ്ക്ക് ഏജന്റുമാർക്ക് വലിയ തുകകൾ ഉദ്യോഗാർത്ഥികൾ നൽകുന്നുണ്ട്. (CAP) പൂർത്തിയാക്കിയിട്ടും നഴ്സിംഗ് കൗൺസിൽ രജിസ്റ്റർ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലാന്റ് വെല്ലിംഗ്ടണിലെ ഇന്ത്യൻ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജാഗ്രതപാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രാലയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണർമാര്‍ക്ക് കത്ത് നൽകിയത്.
കൊവിഡ് മഹാമാരിയെ തുടർന്ന് ന്യൂസിലാന്റിൽ ഉണ്ടായിരുന്ന നഴ്സിംഗ് ക്ഷാമം ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഇക്കാര്യത്തിൽ അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത്. ന്യൂസിലാന്റിലെ നഴ്സിംഗ് മേഖലയിലെ വീസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും pol.wellington@mea.gov.in എന്ന ഇമെയിൽ ഐഡിയിൽ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ടാൽ അറിയാൻ കഴിയും. റിക്രൂട്ട്മെന്റ് ഏജൻസിയുടെ ആധികാരികത ഉറപ്പാക്കാൻ ഇ-മൈഗ്രേറ്റ് (https://emigrate.gov.in) പോർട്ടൽ സന്ദർശിക്കുക. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകൽ വഴിയും, 0471-2721547 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും അറിയിക്കാവുന്നതാണ്.
—-----------------------------------------------
സി. മണിലാൽ
പബ്ളിക് റിലേഷൻസ് ഓഫീസർ, നോർക്ക റൂട്ട്സ്-തിരുവനന്തപുരം
www.norkaroots.org , www.nifl.norkaroots.org www.lokakeralamonline.kerala.gov.in