e

ശ്രീനഗർ: ഭീകരവാദം തുടച്ചുനീക്കുന്നതുവരെ പാകിസ്ഥാനുമായി ചർച്ചയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്ഥാനെ പാഠം പഠിപ്പിക്കാൻ ജമ്മു കാശ്മീരിൽ അധികാരത്തിലെത്തേണ്ടത് അനിവാര്യമാണ്. ഭീകരവാദികളേയും കല്ലെറിയുന്നവരേയും ജയിൽ മോചിതരാക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഇന്നലെ ജമ്മുവിലെ നൗഷേരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യും. ഇത് തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്താനുമായി ഒരു ചർച്ചയ്ക്കുമില്ല. സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനും ബി.ജെ.പി സർക്കാർ അനിവാര്യമാണ്‌.

ഭീകരവാദികളേയും കല്ലെറിയുന്നവരേയും ജയിൽ മോചിതരാക്കുകയാണ് നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് വേണ്ടത്. ഫറൂഖ് അബ്ദുള്ള ജമ്മു മലനിരകളിലെ ഭീകരവാദത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഇത് മോദി സർക്കാരാണ്. ഒരു ഭീകരവാദിയേയും മോചിപ്പിക്കില്ല. ഭീകരവാദം തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്താനുമായി ഒരു സംഭാഷണവുമില്ലെന്നാണ് രാഹുൽ ഗാന്ധിയോടും ഫറൂഖ് അബ്ദുള്ളയോടും പറയാനുള്ളത്. യുവാക്കളെ സിംഹങ്ങളെന്ന് വിശേഷിപ്പിച്ച ഷാ അവരോടാണ് തനിക്ക് സംസാരിക്കേണ്ടതെന്നും പറഞ്ഞു. അതിർത്തിക്കപ്പുറത്തേക്ക് വെടിവയ്ക്കാൻ ആർക്കും അധികാരമില്ല. വെടിവച്ചാൽ ഷെല്ലുകളുപയോഗിച്ച് മറുപടി നൽകും. വെള്ളിയാഴ്ച ജമ്മു മേഖലയിൽ എത്തിയ ശേഷം അമിത് ഷാ നടത്തുന്ന ആറാമത്തെ റാലിയാണിത്.

മൂന്നുഘട്ടങ്ങളിലായുള്ള ജമ്മുകാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞ 18ന് നടന്നു. വരുന്ന 25, ഒക്ടോബർ ഒന്ന് തീയതികളിലാണ് അടുത്ത ഘട്ടങ്ങൾ. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.