
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ നാലുഗോളുകൾക്ക് എസ്പാന്യോളിനെ കീഴടക്കി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ഗോളി തിബോ കുർട്ടോയുടെ സെൽഫ് ഗോളിലൂടെ പിന്നിലായിപ്പോയ റയൽ തുടർന്ന് സടകുടഞ്ഞെണീറ്റാണ് നാലുഗോളുകൾ നേടിയത്. 58-ാം മിനിട്ടിൽ ഡാനി കർവഹായൽ, 75-ാം മിനിട്ടിൽ റോഡ്രിഗോ,78-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയർ,90-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് എംബാപ്പെ എന്നിവരാണ് റയലിന് വേണ്ടി സ്കോർ ചെയ്‌തത്.
ഈ സീസണിലെ ആറ് മത്സരങ്ങളിൽ നാലാം വിജയം നേടിയ റയൽ 14 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അഞ്ചുമത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള ബാഴ്സലോണയാണ് ഒന്നാമത്.