railway

തിരുവനന്തപുരം: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ രണ്ടാമത്തെ റേക്ക് ദക്ഷിണ റെയില്‍വേക്ക് അനുവദിക്കുമെന്ന് സൂചന. ഇന്ത്യയിലെ ട്രെയിന്‍ യാത്രയെ യൂറോപ്യന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് വന്ദേഭാരത് സ്ലീപ്പര്‍ എഡിഷനെ മുന്നില്‍ക്കണ്ടിട്ടാണ്. പുതിയ ട്രെയിന്‍ അനുവദിക്കുമ്പോള്‍ അത് തിരുവനന്തപുരം - മംഗളൂരു റൂട്ടില്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിന് പുറമേ ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് ട്രെയിന്‍ ഓടിക്കണമെന്ന ആവശ്യവും ശക്തമാണ്.

വന്ദേഭാരത് ട്രെയിനുകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത കേരളത്തില്‍ ലഭിക്കുന്നുണ്ട്. അത് തന്നെയാണ് കേരളത്തെ പരിഗണിക്കുന്നതിന് പിന്നിലെന്നാണ് വിവരം. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരുടെ കണക്കിലും കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. കേരളത്തിലോടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും ഒക്കുപ്പന്‍സി റേറ്റില്‍ ബഹുദൂരം മുന്നിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് ബുക്ക് ചെയ്താല്‍ മാത്രമാണ് ടിക്കറ്റ് കിട്ടുന്നത് പോലും.

മംഗളൂരു തിരുവനന്തപുരം റൂട്ടിലെ രാത്രികാല യാത്രാക്ലേശവും പുതിയ ട്രെയിന്‍ എന്ന ആവശ്യത്തിന് ശക്തി പകരുന്നുണ്ട്. നിലവില്‍ മൂന്ന് ട്രെയിനുകളാണ് മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വീസ് നടത്തുന്നത്. മാവേലി എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, ട്രിവാന്‍ഡ്രം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ എല്ലാ ദിവസവും ഓടുന്നുണ്ട്. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് ബുക്ക് ചെയ്താല്‍ മാത്രമാണ് ടിക്കറ്റ് ലഭിക്കുക. വൈകുന്നേരം 6.15ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന മലബാര്‍ എക്‌സ്പ്രസ് കഴിഞ്ഞാല്‍ മറ്റ് ട്രെയിനുകള്‍ തിരുവനന്തപുരത്തേക്ക് ഓടുന്നില്ല.

ഇതെല്ലാം മംഗളൂരു - തിരുവനന്തപുരം റൂട്ടിനെ പരിഗണിക്കുന്നതിന് അനുകൂല സാഹചര്യമാണ്. മറ്റ് ട്രെയിനുകള്‍ ഓടുന്നത് പകലാണ്. രാജ്യത്ത് തന്നെ ഏറ്റവും അധികം യാത്രക്കാരുള്ള റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ അനുവദിച്ചാല്‍ അത് വന്‍ ഹിറ്റാകുമെന്ന് റെയില്‍വേക്കും നന്നായി അറിയാം. സാധാരണക്കാര്‍ക്ക് കൂടി താങ്ങാവുന്ന തരത്തിലായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ എഡിഷനിലെ ടിക്കറ്റ് നിരക്കെന്ന് വകുപ്പ് മന്ത്രി തന്നെ നേരത്തെ പറഞ്ഞിരുന്നു. ശീതീകരിച്ച കോച്ചുകള്‍ മാത്രമുള്ള ട്രെയിനില്‍ ഒരേ സമയം 823 പേര്‍ക്ക് യാത്ര ചെയ്യാം. കഴിഞ്ഞയാഴ്ചയാണ് വന്ദേഭാരത് മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്.