
ന്യൂഡൽഹി: യു.പി.എസ്.സി നടത്തിയ combined defence service -2 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് : upsc.gov.in.
ജി.ദേവരാജൻ
പുരസ്കാരം
ജെറി അമൽദേവിന്
തിരുവനന്തപുരം: ജി.ദേവരാജൻ ശക്തിഗാഥ പുരസ്കാരത്തിന് സംഗീത സംവിധായകൻ ജെറി അമൽദേവ് അർഹനായി. 25,000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 27ന് വൈകിട്ട് 5ന് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ ശക്തിഗാഥ രക്ഷാധികാരി ബിനോയ് വിശ്വം നൽകും. പ്രസിഡന്റ് ഡോ.പി.കെ.ജനാർദ്ദന കുറുപ്പ് അദ്ധ്യക്ഷത വഹിക്കും.രക്ഷാധികാരി കെ.ജയകുമാർ,സെക്രട്ടറി സോമൻ ചിറ്റല്ലൂർ,ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ,ഡോ.അജയപുരം ജ്യോതിഷ്കുമാർ,അനിരുദ്ധൻ നിലമേൽ എന്നിവർ പങ്കെടുക്കും.
ശ്രീകുമാരൻ തമ്പി വിശ്രമത്തിൽ
തിരുവനന്തപുരം: പക്ഷാഘാതത്തെ തുടർന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി വിശ്രമത്തിൽ. സെപ്തംബർ ഒൻപതിന് തനിക്ക് നേരിയ പക്ഷാഘാതമുണ്ടായ വിവരം ഫേസ് ബുക്ക് പോസ്റ്റിലൂടെ അദ്ദേഹമാണ് അറിയിച്ചത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഡോക്ടർമാർ ഒരു മാസത്തെ പൂർണവിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. പലരുടേയും മെയിലുകൾക്കും മെസേജുകൾക്കും മറുപടി നൽകാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാനാണ്
സുഹൃത്തിന്റെ സഹായത്തോടെ താൻ പോസ്റ്റിട്ടതെന്നും ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ശ്രീനാരായണ മാസാചരണവും
ധർമ്മചര്യായജ്ഞവും 25ന് സമാപിക്കും
ശിവഗിരി: ചിങ്ങം ഒന്നിന് ആരംഭിച്ച ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും ബോധാനന്ദ സ്വാമിയുടെ സമാധിദിനമായ കന്നി 9ന് (സെപ്തംബർ 25) സമാപിക്കും. 25ന് പുലർച്ചെ 3.30ന് ബോധാനന്ദ സ്വാമി സമാധി പൂജ,10ന് സ്മൃതി സമ്മേളനം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,അഡ്വ. വി. ജോയി എം.എൽ.എ,ജി.ഡി.പി.എസ് വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ്ബാബു തുടങ്ങിയവർ പ്രസംഗിക്കും. കഴിഞ്ഞ 39 ദിവസങ്ങളിലായി ഗുരുധർമ്മ പ്രചരണസഭയുടേയും എസ്.എൻ.ഡി.പി ശാഖകളുടേയും വിവധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളമായി പ്രാർത്ഥനാ യോഗങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. 25ന് രാവിലെ 9ന് തുടങ്ങുന്ന യജ്ഞപര്യവസാന ചടങ്ങിൽ എല്ലാവരും പങ്കെടുക്കണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അറിയിച്ചു.
ശിവഗിരിയിൽ നവരാത്രി ആഘോഷങ്ങൾ
ശിവഗിരി : ഒക്ടോബർ 3 മുതൽ 12 വരെ ശിവഗിരിയിൽ നടക്കുന്ന വിജയദശമി നവരാത്രി ആഘോഷ പരിപാടികളിൽ കലാപരിപാടികൾ നടത്തുവാനാഗ്രഹിക്കുന്നവർ ശിവഗിരിമഠം പി.ആർ.ഒ യെ ബന്ധപ്പെടുക. ഫോൺ: 9447551499.
ആന്ധ്രയിൽ എ.ടി.എമ്മുകൾ
തകർത്ത് ഒരു കോടി കവർന്നു
അമരാവതി: ആന്ധ്രാപ്രദേശിലെ കടപ്പയിൽ എ.ടി.എം കുത്തിത്തുറന്ന് വൻ കവർച്ച. എസ്.ബി.ഐയുടെ എ,ടി,എമ്മിൽ നിന്ന് 65 ലക്ഷം രൂപയും തൊട്ടടുത്ത മറ്റൊരു എ.ടി.എമ്മിൽ നിന്ന് 35 ലക്ഷം രൂപയുമാണ് കവർന്നത്. മെഷീനുകൾ അടിച്ചുതകർത്താണ് പണം എടുത്തത്.
സി.സിടിവി ഇല്ല എന്ന് ഉറപ്പുവരുത്തിയാണ് മോഷണം നടത്തിയത്. ആസൂത്രിത മോഷണമാണെന്നും പിന്നിൽ ഒരു സംഘമുണ്ടെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു. അന്വേഷണം ഊർജ്ജിതമാക്കിയെന്നും പറഞ്ഞു.
സ്കൂൾ ശാസ്ത്രമേള
മാന്വൽ പരിഷ്കരണം ഈ വർഷം നടപ്പാക്കരുത് : കെ.എസ്.ടി.എ
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പുതിയ സ്കൂൾ ശാസ്ത്രമേള മാന്വൽ ഈ വർഷം നടപ്പാക്കരുതെന്ന് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ സാങ്കേതിക സംവിധാനം ഉൾപ്പെടെ വിദ്യാഭ്യാസമേഖലയിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നതരത്തിൽ മാന്വൽ പരിഷ്കരിച്ചത് സ്വാഗതാർഹമാണ്. എന്നാൽ പല വിദ്യാലയങ്ങളും ഇതിനോടകം ശാസ്ത്രമേളകൾ സംഘടിപ്പിച്ച് കഴിഞ്ഞു. അതിനാൽ പരിഷ്കരിച്ച മാന്വൽ പ്രകാരം ഈ വർഷം ശാസ്ത്രമേള സംഘടിപ്പിക്കുന്നത് വലിയ പ്രയാസമുണ്ടാക്കും. മാത്രമല്ല പുതിയ ഇനങ്ങൾ പരിശീലിക്കാൻ വിദ്യാർത്ഥികൾക്ക് മതിയായ സമയം ലഭിക്കില്ലെന്നും കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ്, ജനറൽ സെക്രട്ടറി കെ.ബദറുന്നിസ എന്നിവർ വ്യക്തമാക്കി.