crime

തിരുവനന്തപുരം: യുവതിയോട് മോശമായി പെരുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഡ്രൈവിംഗ് സ്‌കൂള്‍ അദ്ധ്യാപകന്‍ പൊലീസിന്റെ പിടിയില്‍. തിരുവനന്തപുരം മാറനല്ലൂരിലാണ് കേസിനാസ്പദമായ സംഭവം. ഊരുട്ടമ്പലം സ്വദേശി എ. സുരേഷ് കുമാര്‍ (50) ആണ് പൊലീസിന്റെ പിടിയിലായത്. ഡ്രൈവിംഗ് പരിശീലനത്തിനിടെയാണ് പീഡന ശ്രമം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കൃത്യം നടന്നത്.

ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിനിടെ സുരേഷ് കുമാര്‍ യുവതിയോട് മോശമായി പെരുമാറാന്‍ തുടങ്ങുകയായിരുന്നു. അപകടം മനസ്സിലാക്കിയ യുവതി കാര്‍ വഴിയരികില്‍ നിര്‍ത്തിയ ശേഷം ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ കാറിന് അടുത്തേക്ക് ഓടിക്കൂടി. ഭയന്ന അദ്ധ്യാപകന്‍ കാറുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന നാട്ടുകാര്‍ ഇയാളെ തടയുകയും പിടികൂടുകയുമായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചതും. സ്ഥലത്തെത്തിയ മാറനല്ലൂര്‍ പൊലീസിന് പ്രതിയെ കൈമാറിയ ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. ഊരൂട്ടമ്പലം പെരുമുള്ളൂര്‍ പ്ലാവറത്തല കാവേരി സദനത്തില്‍ എ.സുരേഷ് കുമാറിനെതിരെ പീഡന ശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.