mayakkumarunnu

കാസർകോട്: കാസർകോട് ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തിയതായും മാഫിയ സംഘത്തിലെ പ്രധാനിയെ അറസ്റ്റ് ചെയ്തതായും ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം മേൽപ്പറമ്പ് ഇൻസ്‌പെക്ടർ സന്തോഷ്, മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടർ നിഖിൽ എന്നിവരുടെ നേതൃത്വത്തിൽ ഉപ്പള പത്തോഡിയിലെ അസ്‌കർ അലി എന്നയാളുടെ വീട് റെയ്ഡ് ചെയ്താണ് മയക്കുമരുന്ന് പിടിച്ചെടുക്കുകയും അസ്‌കർ അലിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ഇയാളുടെ വീട്ടിൽ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സ്‌ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പ്രതിയുടെ വീടും പരിസരവുമെന്നും പൊലീസ് മേധാവി പറഞ്ഞു.

3.409 കിലോഗ്രാം എം.ഡി.എം.എ, 640 ഗ്രാം ഗ്രീൻ ഗഞ്ച, 96.96 ഗ്രാം കോക്കെയ്ൻ, 30 കാപ്സ്യൂളുകൾ എന്നിവയാണ് ഇവിടെ നിന്നും കണ്ടെടുത്തത്. അസ്‌ക്കർ അലിയുടെ വീട്ടിൽ ഇത്രയും മയക്കുമരുന്നുകൾ എത്താനുണ്ടായ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഇതിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനാൽ തത്കാലം വിവരങ്ങൾ പരസ്യപ്പെടുത്താൻ സാധ്യമല്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

എസ്.ഐ സലീം (മഞ്ചേശ്വരം), എസ്.സി.പി ഒ പ്രതീഷ് ഗോപാൽ (എസ്.ബി കാസർകോട്), പ്രദീപൻ (മേൽപ്പറമ്പ), ധനേഷ് (മഞ്ചേശ്വരം), വനിതാ സി.പി.ഒ വന്ദന (മഞ്ചേശ്വരം), എ.എസ്.ഐമാരായ മധു (മഞ്ചേശ്വരം), പ്രസാദ് (വിദ്യാനഗർ), സുമേഷ് രാജ് (മഞ്ചേശ്വരം), മഞ്ചേശ്വരത്തെ സി.പി.ഒമാരായ നിതീഷ്, പ്രഷോബ്, നിതിൻ എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.