
തൃശൂർ : പതിനാല് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ ഹിവാൻ നിധി, ഹിവാൻ ഫിനാൻസ് നിക്ഷപ തട്ടിപ്പ് കേസിലെ മറ്റൊരു പ്രതി കൂടി അറസ്റ്റിൽ. പീച്ചി വാണിയമ്പാറ സ്വദേശി പൊട്ടിമട ചൂണ്ടേക്കാട്ടിൽ വീട്ടിൽ അനിൽ കുമാറിനെയാണ് (45) തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഉത്തർപ്രദേശ് മഹാരാജ്ഗഞ്ച് സൊനാവ് ലി എന്ന നേപ്പാൾ അതിർത്തി ഗ്രാമത്തിൽ നിന്നും അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസിൽ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ സുന്ദർ മേനോൻ, പുതൂർക്കര പുത്തൻ വീട്ടിൽ ബിജു മണികണ്ഠൻ, അന്നമനട പാലിശ്ശേരി സ്വദേശി ചാത്തോത്തിൽ വീട്ടിൽ സി.എസ്.ശ്രീനിവാസൻ എന്നിവർ ഏറെ നാളായി റിമാൻഡിലാണ്. തൃശൂർ ചക്കാമുക്ക് ദേശത്ത് ഹിവാൻ നിധി ലിമിറ്റഡിന്റെ ഡയറക്ടർമാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിക്ഷേപം സ്വീകരിച്ചെന്നാണ് കേസ്.
കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതിനെ തുടർന്ന് നിക്ഷേപകർ തൃശ്ശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 50 കേസാണ് നിലവിലുള്ളത്. നൂറോളം പരാതിക്കാരിൽ നിന്നുമാണ് നിക്ഷേപം സ്വീകരിച്ചത്. പ്രതികൾക്കെതിരെ നിരവധി പരാതികളാണ് ലഭിക്കുന്നത്.
തൃശൂർ റൂറൽ ജില്ലയിലെ ചേർപ്പ്, ഗുരുവായൂർ എന്നീ പൊലീസ് സ്റ്റേഷനിലും, പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ആലത്തൂർ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലും, മലപ്പുറം ജില്ലയിലും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയാണ്. ബഡ്സ് നിയമപ്രകാരം പ്രതികളുടെ വാഹനം കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കിയിരുന്നു. മറ്റ് ഡയറക്ടർമാരുടെ സ്വത്തുക്കളും മരവിപ്പിച്ചു.