
കോന്നി : ആശുപത്രികളിൽ കറങ്ങിനടന്നു രോഗികളുടെ പണം മോഷ്ടിക്കുന്ന സ്ത്രീ പിടിയിലായി. ആറന്മുള പുതുവേലിൽ ബിന്ദു രാജ് (41) ആണ് അറസ്റ്റിലായത്. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പയ്യനാമൺ സ്വദേശി ഏലിയാമ്മയുടെ ബാഗിലുണ്ടായിരുന്ന 30,000 രൂപ ഇവർ കഴിഞ്ഞ 14ന് മോഷ്ടിച്ചു. ഡയാലിസിസ് യൂണിറ്റ് സമീപത്തിരുന്ന ഏലിയാമ്മയുടെ ബാഗിൽ നിന്ന് പണം അപഹരിക്കുകയായിരുന്നു. ആശുപത്രിയിലെ സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായമായത്. ക്യാമറകളിൽ മുഖം വരാതിരിക്കാൻ മാസ്കും കൈയുറയും ധരിച്ചാണ് ബിന്ദു എത്തിയത്. ഇവർ എത്തിയ വാഹനം കണ്ടെത്തി. പത്തനംതിട്ടയിലെ വാടക വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു . ഇവരുടെ പേരിൽ ആറന്മുള, തിരുവല്ല, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിൽ സമാനരീതിയിലുള്ള മോഷണ കേസുകളുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡി വൈ എസ് പി രാജപ്പൻ റാവുത്തർ, സി.ഐ ശ്രീജിത്ത്.പി, എസ്.ഐ വിമൽ രംഗനാഥൻ, സി പി ഒമാരായ റോയി, പ്രമോദ്, അരുൺ, ജോസൺ, രഞ്ജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
സ്വകാര്യ ആശുപത്രികളിൽ കറങ്ങി നടന്ന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ബാഗുകളിൽ നിന്ന് പണം മോഷ്ടിക്കുകയാണ് ബിന്ദുവിന്റെ മോഷണ രീതി.