
കൊച്ചി: അമേരിക്കയിലെ ഫെഡറൽ റിസർവ് അപ്രതീക്ഷതമായി പലിശ നിരക്ക് ഉയർത്തിയതോടെ മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യൻ ഓഹരി വിപണി ഈ വാരം കരുതലോടെയാണ് നീങ്ങുന്നത്. വിദേശ നിക്ഷേപ ഒഴുക്കും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ വളർച്ചയും വിപണിയുടെ നീക്കത്തെ സ്വാധീനിക്കുമെന്ന് നിക്ഷേപകർ വിലയിരുത്തുന്നു. കഴിഞ്ഞ വാരം ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അര ശതമാനം കുറച്ചെങ്കിലും ബാങ്ക് ഒഫ് ജപ്പാനും യൂറോപ്യൻ സെൻട്രൽ ബാങ്കും നയത്തിൽ മാറ്റം വരുത്തിയില്ല. അമേരിക്കയിലെ ജി.ഡി.പി കണക്കുകളാണ് നിക്ഷേപകർ പ്രധാനമായും കാത്തിരിക്കുന്നത്. വളർച്ചാ നിരക്ക് കുറഞ്ഞാൽ ഈ വർഷം ഫെഡറൽ റിസർവ് വീണ്ടും പലിശ കുറച്ചേക്കും.
ബാങ്കിംഗ്, വാഹന, റിയൽറ്റി മേഖലകളിലെ ഓഹരികൾ ഈ വാരവും മികച്ച പ്രകടനം തുടരുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയിലും പലിശ കുറയാനുള്ള സാദ്ധ്യതകളാണ് നിക്ഷേപകർക്ക് ആവേശം പകരുന്നത്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടാനും ഇടയുണ്ട്. വിദേശ നിക്ഷേപകർ വലിയ ആവേശത്തോടെ ഇന്ത്യയിൽ സജീവമാകുന്നതാണ് വിപണിക്ക് കരുത്താകുന്നത്. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ സെൻസെക്സ് ചരിത്രത്തിലാദ്യമായി 85,000 പോയിന്റ് കടന്നേക്കും. നിഫ്റ്റി 26,000 തൊടുമെന്നും ബ്രോക്കർമാർ കരുതുന്നു.