ആലപ്പുഴ : എറണാകുളം കടവന്ത്ര കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ (73) കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി ഉഡുപ്പിയിൽ തെളിവെടുപ്പ് നടത്തി. സുഭദ്രയെ കൊലപ്പെടുത്തിയശേഷം ഒന്നാം പ്രതി കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിളയും(52), രണ്ടാംപ്രതി ഭർത്താവ് ആലപ്പുഴ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും(നിഥിൻ–35) ഉഡുപ്പി ടൗണിൽ ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ വിവിധ ലോഡ്ജുകളിലായിരുന്നു തെളിവെടുപ്പ്.
റൂമെടുക്കാനായി നൽകിയിരുന്ന തിരിച്ചറിയൽ രേഖകളും സി.സി ടിവി ക്യാമറ ദൃശ്യങ്ങളും ശേഖരിച്ചു. ലോഡ്ജ് ജീവനക്കാരുടെ മൊഴികളും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ അന്വേഷണസംഘം പ്രതികളുമായി ആലപ്പുഴയിൽ തിരിച്ചെത്തും. സുഭദ്രയെ കൊലപ്പെടുത്തിയശേഷം കവർച്ച ചെയ്ത ആഭരണങ്ങൾ വിറ്റഴിച്ച ആലപ്പുഴ നഗരത്തിലേതുൾപ്പെടെ കടകളിലും ഇനി തെളിവെടുപ്പ് നടക്കേണ്ടതുണ്ട്. അരപ്പവനിൽ താഴെ തൂക്കമുള്ള 4 വളകൾ, മൂക്കുത്തി, മോതിരം, മാല എന്നിവയാണ് സുഭദ്റ ധരിച്ചിരുന്നത്. മാല മുക്കുപണ്ടമായിരുന്നു. കേസിലെ കൂട്ടുപ്രതിയായ റൈനോൾഡിനെ കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുമുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് 4 മുതൽ സുഭദ്രയെ കാണാനില്ലെന്ന മകന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കോർത്തുശേരിയിൽ പ്രതികൾ താമസിക്കുന്ന വീടിന് സമീപം കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. തലയണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചപ്പോൾ സുഭദ്ര ചെറുത്തു. പിടിവലിക്കിടെ കട്ടിലിൽ നിന്നു താഴെ വീണ സുഭദ്രയെ കഴുത്തിൽ ഷാൾ ഇട്ട് ഇരുവരും ചേർന്നു വലിച്ചുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കമിഴ്ന്നു കിടന്നിരുന്ന സുഭദ്രയുടെ മുതുകിൽ ചവിട്ടിനിന്നാണ് ഇതു ചെയ്തത്.
ശ്വാസം മുട്ടിക്കാൻ ഉപയോഗിച്ച തലയണ വീട്ടിൽ നിന്ന് 80 മീറ്റർ മാറിയുള്ള തോട്ടിൽ നിന്നു കഴിഞ്ഞദിവസം തെളിവെടുപ്പിനിടെ മാത്യൂസ് കണ്ടെത്തി കൊടുത്തു.
സുഭദ്റയിൽ നിന്നു പ്രതികൾ പണം കടം വാങ്ങിയിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. ഇല്ലെന്നാണ് ഇവർ പറഞ്ഞതെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ മധുബാബുവിന്റെ മേൽനോട്ടത്തിൽ മണ്ണഞ്ചേരി സി.ഐ എം.കെ രാജേഷ്, എസ്.ഐ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.