shiroor

അംഗോല: കര്‍ണാടകയില്‍ അംഗോലയിലെ ഷിരൂര്‍ ഗംഗാവലി പുഴയില്‍ നിന്ന് മനുഷ്യന്റെതെന്ന് സംശയിക്കുന്ന അസ്ഥി ഭാഗം ലഭിച്ചു. ഡിഎന്‍എ പരിശോധനയ്ക്കായി അംഗോലയിലെ പൊലീസ് ക്യാമ്പിലേക്ക് മാറ്റി. തെരച്ചിലിനിടെയാണ് മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥിഭാഗം ലഭിച്ചത്. കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് അസ്ഥിയുടെ ഭാഗം കിട്ടിയിരിക്കുന്നത്.

അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയില്‍ എംഎല്‍എ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എഫ്എസ്എല്‍ ലാബിലേക്ക് അയക്കണം. മനുഷ്യന്റേതാണോ അതോ മറ്റേതെങ്കിലും മൃഗത്തിന്റേതാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ പറയാനാകൂ. അതിന് ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പൊലീസിനോടും ജില്ലാ ഭരണകൂടത്തിനോടുമുള്ള അഭിപ്രായ വ്യത്യസത്തെ തുടര്‍ന്ന് മുങ്ങല്‍ വിദഗ്ദ്ധന്‍ ഈഷശ്വര്‍ മാല്‍പ്പെ തെരച്ചില്‍ മതിയാക്കി മടങ്ങിയിരുന്നു.

കാര്‍വാറില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ഇത്തരത്തില്‍ മണ്ണുനീക്കി പരിശോധന നടത്തുമ്പോള്‍ സമീപത്തായി വെള്ളത്തില്‍ മുങ്ങി പരിശോധന നടത്താനാവില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നിലപാട്. ഡ്രഡ്ജര്‍ എത്തിച്ച കമ്പനി ഒരു ഡൈവറെയും ഷിരൂരില്‍ എത്തിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം ഉപയോഗിച്ച് തെരച്ചില്‍ നടത്തിയാല്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് മല്‍പെ മടങ്ങിയത്. ഷിരൂര്‍ ജില്ലാ ഭരണകൂടവും മല്‍പെയും തമ്മില്‍ നേരത്തെയും അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു.

പൊലീസും ഭരണകൂടവും സഹകരിക്കാത്തതിനാലാണ് തെരച്ചില്‍ അവസാനിപ്പിക്കുന്നതെന്ന് മല്‍പെ പറഞ്ഞു.വെള്ളത്തില്‍ മുങ്ങിയുള്ള തെരച്ചിലിന് അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് മല്‍പെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേയ്ക്ക് വരില്ല. ഉടുപ്പിയിലേയ്ക്ക് മടങ്ങുകയാണ്. അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുകയാണ്. അധികം ഹീറോ ആകേണ്ടന്നാണ് അവര്‍ പറയുന്നത്. വിവരങ്ങള്‍ ആരോടും പറയരുതെന്നും പറഞ്ഞു. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ മടങ്ങിവരൂവെന്നും മല്‍പെ പറഞ്ഞു.

വിവരങ്ങള്‍ മാദ്ധ്യമങ്ങളുമായി പങ്കുവച്ചതാണ് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. നദിക്കടിയില്‍ നിന്ന് ലോറി കിട്ടുമെന്നാണ് കരുതുന്നത്. അര്‍ജുന്റെ കുടുംബത്തിന് വാക്ക് നല്‍കിയിരുന്നു. പക്ഷേ മടങ്ങുന്നു. അധികൃതരോട് വഴക്ക് കൂടി തുടരാന്‍ വയ്യെന്നും മല്‍പെ കൂട്ടിച്ചേര്‍ത്തു.