metro-rail

തിരുവനന്തപുരം: മോണോ റെയില്‍, ലൈറ്റ് മെട്രോ റെയില്‍, പിന്നെ കണ്‍വെന്‍ഷണല്‍ മെട്രോ റെയില്‍. കാലം കുറേ ആയി തലസ്ഥാന നഗരവാസികള്‍ മെട്രോ വരുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ ഡിഎംആര്‍സിയെ നിയോഗിച്ച് തയ്യാറാക്കിയ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇത് മാറ്റി രണ്ട് മാസത്തിനകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

നിര്‍മാണ ചിലവ് ഉള്‍പ്പെടെയുള്ളവ കണക്കുകൂട്ടി നല്‍കിയ അലൈന്‍മെന്റ് ആണ് മാറ്റാനായി നിര്‍ദേശിച്ചിരിക്കുന്നത്. കൊച്ചി മെട്രോയെക്കാള്‍ കൂടുതല്‍ ആളുകള്‍ തലസ്ഥാന നഗരത്തിലെ മെട്രോ റെയിലില്‍ യാത്ര ചെയ്യുമെന്നും സൂപ്പര്‍ഹിറ്റാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടും ഇത്തരമൊരു നീക്കം സര്‍ക്കാര്‍ നടത്തുമ്പോള്‍ അത് കേരളത്തിന്റേയും തിരുവനന്തപുരത്തിന്റേയും സ്വപ്‌ന പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കമാണോയെന്ന സംശയവും ബലപ്പെടുകയാണ്. എത്ര പഠിച്ചാലും തീരാത്തതാണോ ഒരു മെട്രോ പദ്ധതിയുടെ അലൈന്‍മെന്റ് എന്ന കടുത്ത വിമര്‍ശനം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.

2011-2016 കാലഘട്ടത്തില്‍ കേരളം ഭരിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ ആണ് തിരുവനന്തപുരം മെട്രോ പദ്ധതിക്കായി നീക്കങ്ങള്‍ ആരംഭിച്ചത്. ഈ വര്‍ഷം മേയ് മാസത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലേക്ക് എത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി പ്രതീക്ഷിച്ചതിലും വലിയ കുതിപ്പ് നടത്തുമ്പോള്‍ തിരുവനന്തപുരം നഗരം അതിവേഗം വളരുകയാണ്.

മെട്രോയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തി നിലവിലുള്ളതില്‍ നിന്ന് റൂട്ട് വെട്ടിച്ചുരുക്കാനാണ് നീക്കം. കഴക്കൂട്ടം ജംഗ്ഷന് സമീപത്തുനിന്നായി മെട്രോ റെയില്‍ ആരംഭിക്കുന്നത് പരിശോധിക്കാനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് നഗരവികസനത്തിന്റെ കാര്യത്തില്‍ യാതൊരു ദീര്‍ഘവീക്ഷണവും ഇല്ലെന്നതിന്റെ തെളിവാണ് പുതിയ അലൈന്‍മെന്റിനായി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ അലൈന്‍മെന്റ് പ്രകാരം പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപത്തായാണ് തിരുവനന്തപുരം മെട്രോയുടെ ടെര്‍മിനല്‍ നിര്‍മിക്കേണ്ടത്. എന്നാല്‍ കഴക്കൂട്ടം ടെക്നോപാര്‍ക്കിന് സമീപത്തായി മെട്രോ ടെര്‍മിനലും ഷണ്ടിംഗ് യാര്‍ഡും നിര്‍മിക്കുന്ന തരത്തില്‍ അലൈന്‍മെന്റ് പുതുക്കാനാണ് ഗതാഗത വകുപ്പിന്റെ നിര്‍ദേശം.നഗരത്തിലേയ്ക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന റൂട്ട് മാറ്റി പുനഃരാലോചിക്കുന്നത് അശാസ്ത്രീയമാണെന്ന പരാതികള്‍ ഉയരുന്നുണ്ട്. റൂട്ടുകള്‍ ഇടയ്ക്കിടെ മാറ്റുന്നത് മെട്രോയുടെ നിര്‍മാണം അനന്തമായി നീട്ടുമെന്നും ആരോപണമുണ്ട്.

പള്ളിപ്പുറം ടെക്നോസിറ്റിക്കും ബയോപാര്‍ക്കിനും ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കും സമീപത്തായിരുന്നു പഴയ ടെര്‍മിനലിന് സ്ഥലം കണ്ടെത്തിയത്. നഗരത്തിലെ തിരക്കിലേയ്ക്ക് കടക്കാതെ തന്നെ മെട്രോയില്‍ പ്രവേശിക്കാമെന്നതായിരുന്നു പ്രത്യേകത. എന്നാല്‍ റൂട്ട് ചുരുക്കുന്നതോടെ മെട്രോയുടെ പ്രസക്തി തന്നെ നഷ്ടമാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴക്കൂട്ടത്ത് പ്രധാന ടെര്‍മിനല്‍ വരുന്നതോടെ ഗതാഗത കുരുക്കും രൂക്ഷമാവും.

തിരുവനന്തപുരം മെട്രോ റെയിലിന്റെ ഒന്നാം ഘട്ടം ടെക്നോപാര്‍ക്ക് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയാക്കാനാണ് പുതിയ നിര്‍ദേശം. രണ്ടുമാസത്തിനുള്ളില്‍ പുതിയ റൂട്ടിന്റെ സാദ്ധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കെഎംആര്‍എല്ലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കിള്ളിപ്പാലം മുതല്‍ നെയ്യാറ്റിന്‍കര വരെയാണ് തിരുവനന്തപുരം മെട്രോയുടെ രണ്ടാം ഘട്ടമായി പരിഗണിച്ചിരുന്നത്. ഇതിനുപകരം പാളയം മുതല്‍ കുടപ്പനക്കുന്നുവരെയുള്ള സാദ്ധ്യത പരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നിര്‍മിക്കേണ്ട മേല്‍പ്പാലങ്ങളുടെ കാര്യത്തിലും കടുത്ത അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ വെച്ച് പുലര്‍ത്തുന്നത്. മെട്രോയുടെ ഭാഗമായി പ്രഖ്യാപിച്ച ശ്രീകാര്യം, ഉള്ളൂര്‍, പട്ടം ഫ്‌ളൈ ഓവറുകളില്‍ ശ്രീകാര്യം ഫ്‌ളൈ ഓവര്‍ മാത്രം നിര്‍മാണ ഘട്ടത്തിലേക്ക് എത്തി. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായെങ്കിലും പട്ടം ഫ്‌ളൈ ഓവറിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഉള്ളൂര്‍ ഫ്‌ളൈ ഓവര്‍ ഫയലില്‍ ഒതുങ്ങി.