
മുംബയ് : വിഖ്യാത ബ്രിട്ടീഷ് റോക്ക് ബാൻഡായ 'കോൾഡ്‌പ്ലേ'യുടെ ഇന്ത്യയിലെ സംഗീത പരിപാടിക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് 'ബുക്ക്‌മൈ ഷോ' വെബ്‌സൈറ്റും ആപ്പും പണിമുടക്കി. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു ടിക്കറ്റ് വില്പന തുടങ്ങേണ്ടിയിരുന്നത്. എന്നാൽ 12.18ന് ശേഷമാണ് ടിക്കറ്റ് വിൽപ്പന തുടങ്ങാനായത്. വിൽപ്പന തുടങ്ങുന്നതിന് തൊട്ടുമുന്നേ ഒരാൾക്ക് നൽകുന്ന ടിക്കറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് നാലാക്കി ചുരുക്കുകയും ചെയ്തിരുന്നു.
ആരാധകർ കൂട്ടത്തോടെ ബുക്കിംഗിനെത്തിയതാണ് വിനയായത്. 2025 ജനുവരി 18, 19 തീയതികളിൽ മുംബയിലെ ഡി.വൈ പാട്ടീൽ സ്‌റ്റേഡിയത്തിലാണ് പരിപാടി. 2,500 മുതൽ 35,000 രൂപ വരെയാണ് ഒരു ടിക്കറ്റിന്റെ വില. 2016ലാണ് കോൾഡ്‌പ്ലേ ഇന്ത്യയിൽ അവസാനമായി പരിപാടി അവതരിപ്പിച്ചത്.