
വാഷിംഗ്ടൺ: ഇന്ത്യ ഇന്ന് അവസരങ്ങൾക്കായി കാത്തിരിക്കുന്നില്ലെന്നും പകരം അവസരങ്ങൾ സൃഷ്ടിക്കുന്ന രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ന്യൂയോർക്കിലെ നാസോ കൊളീസിയത്തിൽ ' മോദി ആൻഡ് യു.എസ് " പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
' ഇന്ന് ഇന്ത്യ അവസരങ്ങളുടെ ഭൂമിയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ എല്ലാ മേഖലകളിലും പുത്തൻ ലോഞ്ചിംഗ് പാഡുകൾക്കായി ഇന്ത്യ അവസരം സൃഷ്ടിച്ചു. ഒറ്റ ദശാബ്ദത്തിനിടെ 25 കോടി ജനങ്ങൾ പട്ടിണിയിൽ നിന്ന് മുക്തരായി. പഴയ ചിന്തയും സമീപനവും മാറ്റിയതിലൂടെയാണ് അത് സാധിച്ചത്. പാവപ്പെട്ടവരുടെ ശാക്തീകരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. 50 കോടിയിലേറെ ജനങ്ങളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചു.
മെയ്ഡ് ഇൻ ഇന്ത്യ ചിപ്പുകൾ വൈകാതെ അമേരിക്കയിൽ എത്തും. ഇന്ന് ഇന്ത്യയുടെ 5ജി മാർക്കറ്റ് യു.എസിന്റേതിനേക്കാൾ വലുതാണ്. വെറും രണ്ട് വർഷങ്ങൾക്കുള്ളിലാണ് ഇത് സംഭവിച്ചത്. മെയ്‌ഡ് ഇൻ ഇന്ത്യ - 6 ജിയ്ക്കായുള്ള പരിശ്രമങ്ങളിലാണ് രാജ്യം. നമ്മുടെ നമസ്തേ ഇന്ന് ആഗോളവ്യാപകമാണ്. എ.ഐ എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നാണ്. എന്നാൽ എന്റെ കാഴ്ചപ്പാടിൽ ഇത് അമേരിക്ക - ഇന്ത്യ എന്നാണ്. ലോകത്തിന്റെ ആത്മാവും എ.ഐ ശക്തിയുമാണത്. " അദ്ദേഹം പറഞ്ഞു.
പുതിയ കോൺസുലേറ്റുകൾ
ലോസ് ആഞ്ചലസിലും ബോസ്റ്റണിലും ഇന്ത്യൻ കോൺസുലേറ്റുകൾ ഉടൻ തുറക്കും. സിയാറ്റിലിലെ കോൺസുലേറ്റിന്റെ പ്രവർത്തനം തുടങ്ങിയെന്നും മോദി വ്യക്തമാക്കി.
ഉത്സവ ലഹരിയിൽ ന്യൂയോർക്ക്
മോദിയുടെ വരവിനെ ദീപാവലിയെ ഓർമ്മിപ്പിക്കും വിധം ആഘോഷമാക്കി മാറ്റിയതിന്റെ ആവേശത്തിലാണ് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹം. ഗംഭീരമായ വരവേൽപ്പാണ് അദ്ദേഹത്തിനായി ലോംഗ് ഐലൻഡിലെ ഇൻഡോർ സ്റ്റേഡിയമായ നാസോ കൊളീസിയത്തിൽ ഒരുക്കിയത്. 42 സ്റ്റേറ്റുകളിൽ നിന്ന് 15,000ത്തിലേറെ പേർ പങ്കെടുത്തു. 500ലേറെ കലാകാരൻമാർ മാറ്റുരച്ചു.
റാപ്പർ ഹനുമാൻ കൈൻഡ്, ഗുജറാത്തി ഗായകൻ ആദിത്യ ഗാഥ്‌വി, ദേവിശ്രീ പ്രസാദ് തുടങ്ങിയവരുടെ സംഗീത പരിപാടികളും കഥക്, ഒഡീസി അടക്കമുള്ള നൃത്ത രൂപങ്ങളും നാസോ കൊളീസിയത്തിൽ അരങ്ങേറി.