srilanka

തിരുവനന്തപുരം: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച മാര്‍ക്‌സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകയെ അഭിനന്ദിച്ച് കേരളത്തിലെ സിപിഎം നേതാവും വ്യവസായ മന്ത്രിയുമായ പി. രാജീവ്. ഈ വര്‍ഷം ആദ്യം ദിസനായകെ കേരളം സന്ദര്‍ശിച്ചപ്പോഴുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ മന്ത്രി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കേരളവുമായി സാദ്ധ്യമായ രീതിയിലുള്ള സഹകരണത്തെക്കുറിച്ച് അന്ന് ദിസനായകെ സൂചന നല്‍കിയിരുന്നുവെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ദിസനായകെ കേരളം സന്ദര്‍ശിച്ചപ്പോള്‍ കേരളവും ശ്രീലങ്കയും തമ്മില്‍ സാദ്ധ്യമാകുന്ന വ്യാവസായിക സഹകരണത്തെക്കുറിച്ചുള്ള സാധ്യതകള്‍ തുറന്നിടുന്ന ചര്‍ച്ചകള്‍ അന്ന് നടന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. കേരളത്തിന്റെ സ്വന്തം ആയുര്‍വേദത്തിന് ശ്രീലങ്കയില്‍ വലിയ സാദ്ധ്യതയാണുള്ളതെന്നും അന്ന് അദ്ദേഹം സൂചിപ്പിപ്പിരുന്നു. ഈ ഘട്ടത്തില്‍ സൗഹാര്‍ദ്ദപരമായ തുടര്‍ചര്‍ച്ചകളിലൂടെ കൂടുതല്‍ സഹകരണം ഉറപ്പ് വരുത്താനാകുമെന്നും കേരളം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറയുന്നു.

മന്ത്രി പി. രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരമുനെ പാര്‍ടി നേതാവ് ശ്രീ. അനുര കുമാര ദിസനായകെയെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ ഞങ്ങളുടെ ഓഫീസിലും വന്നിരുന്നു. കേരളവും ശ്രീലങ്കയും തമ്മില്‍ സാധ്യമാകുന്ന വ്യാവസായിക സഹകരണത്തെക്കുറിച്ചുള്ള സാധ്യതകള്‍ തുറന്നിടുന്ന ചര്‍ച്ചകള്‍ അന്ന് നടന്നു. ഇതിന്റെ ഭാഗമായി ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. കേരളത്തിന്റെ സ്വന്തം ആയുര്‍വേദത്തിന് ശ്രീലങ്കയില്‍ വലിയ സാധ്യതയാണുള്ളതെന്നും അന്ന് അദ്ദേഹം സൂചിപ്പിപ്പിരുന്നു. ഈ ഘട്ടത്തില്‍ സൗഹാര്‍ദ്ദപരമായ തുടര്‍ചര്‍ച്ചകളിലൂടെ കൂടുതല്‍ സഹകരണം ഉറപ്പ് വരുത്താനാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.