
കൊല്ലം: ആഗോള വിപണിയിലെ തോട്ടണ്ടി വിലക്കയറ്റത്തിൽ വലയുന്ന കശുഅണ്ടി വ്യവസായത്തിന് ഉണർവ് പകരാൻ കേരള കശുമാവ് വികസന ഏജൻസി തേനീച്ച പദ്ധതി ആരംഭിക്കുന്നു. കശുമാവ് തോട്ടങ്ങളിൽ തേനീച്ചകളെ വളർത്തി പരപരാഗണം ഉയർത്തി ഉത്പാദനത്തിൽ 20 ശതമാനം വർദ്ധന നേടാനാണ് ലക്ഷ്യം.
കശുമാവ് പൂക്കൾ പരപരാഗണത്തിലൂടെയാണ് കായാകുന്നത്. കർഷകർക്ക് ഇതിനായി സബ്സിഡിയോടെ തേനീച്ചകളും വളർത്തുപകരണങ്ങളും നൽകും. ഏഴ് വർഷം വളർച്ചയുള്ള കശുമാവിൽ ശരാശരി ഏഴ് കിലോ തോട്ടണ്ടി സീസണിൽ ലഭിക്കും. പരപരാഗണം വർദ്ധിപ്പിക്കുന്നതോടെ ഉത്പാദനത്തിൽ ഒന്നര കിലോയുടെ വർദ്ധനയുണ്ടാകും. കശുമാവ് കൃഷിയുടെ വിസ്തൃതി വർദ്ധിക്കുമെന്നും പ്രതീക്ഷയുമുണ്ട്.
ഫാക്ടറികൾ പൂട്ടലിലേക്ക്
ആഫ്രിക്കയിലെ തോട്ടണ്ടി ഉത്പാദക രാജ്യങ്ങളിൽ സംസ്കരണം വ്യാപകമായതാണ് ആഗോള വിപണിയിലെ വില ഉയർത്തുന്നത്. പല ആഫ്രിക്കൻ രാജ്യങ്ങളിലും തോട്ടണ്ടി കയറ്റുമതിക്ക് നിയന്ത്രണമുണ്ട്. ആറ് മാസത്തിനിടെ മെട്രിക് ടണ്ണിന് 500 ഡോളർ വരെയാണ് കൂടിയത്. ഈ വിലയിൽ വാങ്ങി സംസ്‌കരിച്ചാൽ കനത്ത നഷ്ടമുണ്ടാകുന്നതിനാൽ പൊതുമേഖല ഫാക്ടറികൾ ഉൾപ്പെടെ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
പരപരാഗണം
ഒരു സസ്യത്തിന്റെ പരാഗരേണുക്കൾ മറ്റൊരു സസ്യത്തിന്റെ പരാഗണ സ്ഥലത്ത് പതിക്കുന്ന പ്രക്രിയ.
...........................................
സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം: 74,000 മെട്രിക് ടൺ
കശുമാവ് കൃഷിയുടെ വിസ്തീർണം: 1,08,395 ഹെക്ടർ
പ്രതിവർഷം ആവശ്യമുള്ള തോട്ടണ്ടി: 6 ലക്ഷം മെട്രിക് ടൺ
ആഗോള വിപണി വില: 1800- 2000 ഡോളർ (മെട്രിക് ടൺ)
ആറ് മാസം മുൻപ്: 1500- 1800 ഡോളർ
...........................................
ആദ്യഘട്ടമായി 100 ഹെക്ടർ കശുമാവ് തോട്ടത്തിലാണ് തേനീച്ച കൃഷി പരീക്ഷിക്കുന്നത്. വിജയിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ 18,000 ഹെക്ടറിലേക്ക് വ്യാപിപ്പിക്കും.
എ. അഷ്റഫ് (കോ- ഓർഡിനേറ്റർ, കേരള കശുമാവ് കൃഷി വികസന ഏജൻസി)