
കോട്ടയം: രാജ്യാന്തര വിപണിയിലെ വില കുതിപ്പിന്റെ നേട്ടം റബര്‍ കര്‍ഷകര്‍ക്ക് നിഷേധിക്കാന്‍ ടയര്‍ ലോബി നീക്കം ശക്തമാക്കുന്നു. ആഭ്യന്തര വില പിടിച്ചുനിറുത്താന്‍ വ്യവസായികള്‍ വിപണിയില്‍ നിന്ന് കഴിഞ്ഞ വാരം വിട്ടുനിന്നു. ഇതോടെ റബര്‍ ബോര്‍ഡ് വില 231 രൂപയിലേക്കും വ്യാപാരി വില 226 രൂപയിലേക്കും ഇടിഞ്ഞു. കഴിഞ്ഞമാസം വില 252 രൂപയെന്ന റെക്കാഡിട്ടിരുന്നു. വെയില്‍ തെളിഞ്ഞതോടെ ടാപ്പിംഗ് പുനരാരംഭിച്ച ചെറുകിട കര്‍ഷകര്‍ക്ക് നിലവില്‍ ചെലവ് കാശ് പോലും കിട്ടുന്നില്ല.
ടയര്‍ കമ്പനികള്‍ നേരത്തേ ബുക്ക് ചെയ്തിരുന്ന ഒരു ലക്ഷത്തിലധികം ടണ്‍ ചരക്ക് വിപണിയിലെത്തിയതാണ് വില ഇടിച്ചത്. ചൈനയില്‍ കിലോയ്ക്ക് ഒന്‍പത് രൂപയും ടോക്കിയോയില്‍ 14 രൂപയും ബാങ്കോക്കില്‍ അഞ്ച് രൂപയും റബര്‍ വില ഉയര്‍ന്നു.
ഉത്സവകാല കുതിപ്പില്‍ കുരുമുളക്
ഉത്തരേന്ത്യയില്‍ ഉത്സവ സീസണായതോടെ കുരുമുളകിന് നല്ല കാലമായി. ശ്രീലങ്കയില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ ചരക്ക് വിപണിയിലുണ്ടെങ്കിലും എരിവ് കൂടുതലുള്ള ഇടുക്കി, വയനാട് കുരുമുളകിനാണ് പ്രിയമേറുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്ത്യയുടെ കയറ്റുമതി വില ടണ്ണിന് 8250 ഡോളറാണ്. വിയറ്റ്‌നാം 7500 ഡോളര്‍, ഇന്തോനേഷ്യ 8000 ഡോളര്‍, ശ്രീലങ്ക 6800 ഡോളര്‍ എന്നിങ്ങനെയാണ് കയറ്റുമതി നടക്കുന്നത്.
''വിലയിലെ ചാഞ്ചാട്ടം ചെറുകിട കര്‍ഷകര്‍ക്ക് പ്രതികൂലമാണ്. വില ഉയരുമെന്ന പ്രതീക്ഷയില്‍ സ്റ്റോക്ക് ചെയ്തവര്‍ പ്രതിസന്ധിയിലാണ്. കൃഷിയില്‍ നിന്ന് പിന്തിരിയാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. - കുര്യന്‍ തോമസ്, കര്‍ഷകന്‍