
സംയുക്ത വിപണി വിഹിതം 90 ശതമാനത്തിലേക്ക്, ആഗസ്റ്റില്‍ വിമാന യാത്രികരുടെ എണ്ണം 5.7 ശതമാനം ഉയര്‍ന്ന് 1.31 കോടിയായി
കൊച്ചി: ഇന്ത്യന്‍ വ്യോമയാന വിപണി രണ്ടു കമ്പനികളുടെ കൈപ്പിടിയിലേക്ക്. ആഭ്യന്തര വിമാന സര്‍വീസുകളില്‍ 90 ശതമാനം വിഹിതത്തോടെ ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യയും ഇന്റര്‍ഗ്‌ളോബ് എന്റര്‍പ്രസസിന്റെ ഇന്‍ഡിഗോയും ഇന്ത്യന്‍ ആകാശം വാഴുകയാണ്. കൊവിഡ് ലോക്ക്ഡൗണിന് മുമ്പ് രാജ്യത്തെ രണ്ടാമത്തെ വലിയ വിമാന കമ്പനിയായിരുന്ന സ്പൈസ് ജെറ്റിന്റെ വിപണി വിഹിതം കൂടി കൈയടക്കിയാണ് ഇവ റെക്കാഡ് വളര്‍ച്ച നേടുന്നത്. മറ്റൊരു പ്രമുഖ എയര്‍ലൈനായ ഗോ ഫസ്റ്റ് ഈ വര്‍ഷമാദ്യം പ്രവര്‍ത്തനം നിറുത്തിയിരുന്നു. നിലവില്‍ സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനി ഇന്‍ഡിഗോയാണ്. ആഭ്യന്തര വിപണിയില്‍ കമ്പനിയുടെ വിപണി വിഹിതം 62.7 ശതമാനമാണ്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള മൂന്ന് വിമാന കമ്പനികളുടെ വിപണി വിഹിതം 27 ശതമാനമായി ഉയര്‍ന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ എക്സ്പ്രസ്, വിസ്താര എന്നിവ ഉള്‍പ്പെടുന്ന എയര്‍ ഇന്ത്യ എയര്‍ലൈന്‍സ് രണ്ടുവര്‍ഷത്തെ പുനരുജ്ജീവന പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ വിപണി വിഹിതം ആറ് ശതമാനം വര്‍ദ്ധിപ്പിച്ചു.
വിമാന കമ്പനികളുടെ ശവപ്പറമ്പ്
പത്ത് വര്‍ഷത്തിനിടെ അനവധി വിമാന കമ്പനികള്‍ ഇന്ത്യയില്‍ നിലംപരിശായി. ചെലവ് കുറഞ്ഞ എയര്‍ലൈനുകള്‍ മുതല്‍ ആഡംബര സേവനദാതാക്കള്‍ വരെ മത്സരം നേരിടാനാകാതെ തകര്‍ന്നു. ഇതില്‍ 1981ല്‍ ആരംഭിച്ച വായുദൂത് മുതല്‍ 2024ല്‍ വീണുപോയ ഗോ ഫസ്റ്റ് വരെ ഉള്‍പ്പെടുന്നു.
നിലവിലെ കമ്പനികള്‍
ഇന്‍ഡിഗോ
എയര്‍ ഇന്ത്യ(ടാറ്റ)
വിസ്താര(ടാറ്റ)
എ.ഐ.എക്‌സ് കണക്ട്(ടാറ്റ)
സ്പൈസ് ജെറ്റ്
ആകാശ എയര്‍
അലയന്‍സ് എയര്‍
ചിറക് കരിഞ്ഞവര്‍
സഹാറ എയര്‍ലൈന്‍സ്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2007ല്‍ ജെറ്റ് എയര്‍വെയ്സ് ഏറ്റെടുത്തു
ഡെക്കാന്‍ എയര്‍ലൈന്‍സ്
മത്സരം നേരിടാനാവാതെ 2007ല്‍ കിംഗ്ഫിഷറിന് വിറ്റു
പാരാമൗണ്ട് എയര്‍ലൈന്‍സ്
കടക്കെണി മൂലം 2010ല്‍ പ്രവര്‍ത്തനം നിറുത്തി
ഇന്ത്യന്‍ എയര്‍ലൈന്‍സ്
2011ല്‍ എയര്‍ ഇന്ത്യയുമായി ലയിച്ചു
കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്
നഷ്ടം കുമിഞ്ഞു കൂടിയതോടെ 2012ല്‍ പൂട്ടി
എയര്‍ കോസ്റ്റ
2017ല്‍ പ്രവര്‍ത്തനം നിറുത്തി
ജെറ്റ് എയര്‍വെയ്‌സ്
കടം പെരുകി പ്രവര്‍ത്തനം അവസാനിപ്പിച്ചു
ഗോ ഫസ്റ്റ്
പാപ്പര്‍ നടപടികള്‍ പുരോഗമിക്കുന്നു
ഇന്‍ഡിഗോ മേധാവിത്വം
രാജ്യത്തെ 1,048 റൂട്ടുകളില്‍ 769 ലും ഇന്‍ഡിഗോ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വിസ്താരയുമായി ലയിച്ചതോടെ ടാറ്റ ഗ്രൂപ്പിന്റെ വിഹിതവും ഗണ്യമായി ഉയരുകയാണ്.
അടിതെറ്റുന്ന സ്‌പൈസ് ജെറ്റ്
രാജ്യത്തെ മറ്റൊരു പ്രമുഖ വിമാന കമ്പനിയായ സ്പൈസ് ജെറ്റും പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. ആഗസ്റ്റില്‍ കമ്പനിയുടെ വിപണി വിഹിതം 2.3 ശതമാനമായി കുറഞ്ഞു. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കും സേവനദാതാക്കള്‍ക്കും കോടിക്കണക്കിന് രൂപയാണ് കമ്പനി നല്‍കാനുള്ളത്. ഇതോടൊപ്പം കോടതികളില്‍ നടക്കുന്ന കേസുകളും കമ്പനിയെ വലയ്ക്കുന്നു. പ്രവര്‍ത്തന ചെലവിന് പണമില്ലാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി.