
ന്യൂയോർക്ക്:മോദി,മോദി വിളികളോടെ സ്വാഗതം ചെയ്‌ത അമേരിക്കയിലെ ഇന്ത്യൻ ജനങ്ങളോട് ഭാരത് മാതാ കി ജയ് എന്ന് പറഞ്ഞ് പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ സന്ദർശനത്തിന്റെ രണ്ടാം ദിനം ന്യൂയോർക്കിലെ ലോംഗ് ഐലന്റിലെ നസാവു കൊളീസിയം സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മോദി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്‌തു. പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണെന്നും അവർ ഇന്ത്യയുടെ മുഖമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്‌മളമാക്കുന്ന ശക്തമായ പാലമായി പ്രവാസികൾ നിലകൊണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഏഴുകടലുകളുടെ അകലത്തിൽ ഇവിടെ വന്നവരാണ് നിങ്ങൾ. എന്നാൽ നിങ്ങളുടെ ഹൃദയത്തിൽ നിന്നോ ആത്മാവിൽ നിന്നോ ഇന്ത്യയോടുള്ള സ്‌നേഹം എടുത്തുകളയാനാവില്ല.' മോദി പറഞ്ഞു. ലോകത്തെവിടെ പോയാലും ഇന്ത്യ എന്ന വികാരമാണ് നമ്മെ ഒരുമിപ്പിക്കുന്നതെന്നും മോദി അഭിപ്രായപ്പെട്ടു. 'വിവിധ ഭാഷകളാൽ സമ്പന്നമായൊരു രാജ്യത്തുനിന്നാണ് നാമോരോരുത്തരും വരുന്നത്. ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും മതങ്ങളുടെയും ഭവനമാണ് ഭാരതം. ഐക്യത്തോടെ നാം മുന്നേറുകയാണ്.' പ്രധാനമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു.
'നമ്മുടെ മൂല്യങ്ങളും സംസ്‌കാരവുമാണ് നമ്മെ ഒന്നാക്കുന്നത്.' മോദി സൂചിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ ഇന്ത്യ നേടിയ ബഹുമാനത്തിന് പ്രവാസികളോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സെപ്‌തംബർ 21നാണ് പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദർശനം ആരംഭിച്ചത്. ഗംഭീരമായ വരവേൽപ്പാണ് 'മോദി ആൻഡ് യുഎസ്' എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് ലോംഗ് ഐലൻഡിലെ ഇൻഡോർ സ്റ്റേഡിയമായ നാസോ കൊളീസിയത്തിൽ ഒരുക്കിയത്. 42 സ്റ്റേറ്റുകളിൽ നിന്ന് 15,000ത്തിലേറെ പേർ പങ്കെടുത്തു. 500ലേറെ കലാകാരൻമാർ മാറ്റുരച്ചു.