dollar

റിച്ച്‌മോണ്ട്: എനർജി ഡ്രിങ്ക് കുടിക്കാനുളള തീരുമാനം യുവാവിനെ തേടിയെത്തിയത് ഒരു മില്യൺ ഡോളറിന്റെ (ഏകദേശം എട്ടരക്കോടി) സൗഭാഗ്യം. വിർജീനിയൻ സ്വദേശിയായ നിക്കോളസ് ഫോക്സിനെയാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. കുടുംബവുമായി അൾട്ടാവിസ്​റ്റയിലേക്ക് വിനോദയാത്രയ്ക്കായി വിമാനം കയറിയതോടെ യുവാവിന്റെ തലവര മാറിമറിയുകയായിരുന്നു.

അവിടെയുളള ഒരു പ്രധാന നഗരത്തിലെ എ വൺ മിനിമാർട്ടിൽ സാധനങ്ങൾ വാങ്ങാനെത്തിയിരുന്നു നിക്കോളസ്. അവിടെ നിന്നാണ് യുവാവ് തന്റെ കണ്ണിൽപ്പെട്ട ലോട്ടറി ടിക്ക​റ്റുകൾ വാങ്ങാമെന്ന് തീരുമാനിച്ചത്. യാതൊരു പ്രതീക്ഷയും കൂടാതെയാണ് നിക്കോളസ് ലോട്ടറി ടിക്ക​റ്റുകൾ വാങ്ങി 20എക്സ് ദി മണി ഗെയിമിന്റെ ഭാഗമായത്. ഗെയിമിൽ അദ്ദേഹം 625,000 ഡോളറിന്റെ സമ്മാനം ലഭിക്കുന്ന ഓപ്ഷനായിരുന്നു തിരഞ്ഞെടുത്തത്. എന്നാൽ അപ്രതീക്ഷിതമായാണ് യുവാവിന് ഒരു മില്യൺ ഡോളർ സമ്മാനമായി ലഭിച്ചത്.

ഇതോടെ നിക്കോളസ് ടിക്കറ്റുകൾ വാങ്ങിയ എ വൺ മിനിമാർട്ടിനും 10,000 ഡോളർ ബോണസ് ലഭിക്കുന്നതാണ്. സമ്മാനത്തുക എന്തിന് വിനിയോഗിക്കുമെന്ന് നിക്കോളസ് ഇതുവരെയായിട്ടും മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞിട്ടില്ല. 20എക്സ് ദി മണി ഗെയ്മിലൂടെ മികച്ച സമ്മാനം നേടുന്ന നാലാമത്തെ ജേതാവാണ് നിക്കോളസ്. വിജയികൾക്ക് പത്ത് ഡോളർ മുതൽ ഒരു മില്യൺ ഡോളർ വരെയുളള സമ്മാനങ്ങളാണ് ഗെയിം ഒരുക്കിയിരിക്കുന്നത്.


നിരവധി അപ്രതീക്ഷിത സംഭവങ്ങൾ ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. അടുത്തിടെ യുഎസിലെ ഒരു 54കാരിക്ക് ഓൺലൈൻ ലോട്ടറി ഗെയിമിലൂടെ 207,199 ഡോളർ (1.73 കോടി) രൂപ സമ്മാനമായി ലഭിച്ചിരുന്നു.ഇതോടെ അവരുടെ ജീവിതം മാറിമറിയുകയായിരുന്നുവെന്ന് ലോട്ടറി വിദഗ്ദധർ സ്ഥിരീകരിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.