
വീട്ടിലും ഓഫീസിലും പൊതുസ്ഥലത്തുമൊക്കെയായി ദിവസേന ധാരാളം കോണിപ്പടികൾ കയറുന്നവരാണ് നമ്മളിൽ പലരും. വിവിധ തരത്തിലും ഡിസൈനിലുമുള്ള സ്‌റ്റെയർ കേസുകൾ നമുക്ക് പരിചിതവുമാണ്. എന്നാ ചില അവസരങ്ങളിൽ പടി കയറുന്നതിനിടെ കാൽ തെറ്റി വീഴാൻ പോയ അനുഭവം ഉണ്ടായിട്ടില്ലേ? നിർമ്മാണത്തിലെ അശാസ്ത്രീയത തന്നെയാണ് അതിന് കാരണം. സ്റ്റെയർ കേസ് നിർമ്മിക്കുമ്പോൾ പ്രധാനമായും അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുകയാണ് നാറ്റ്‌പാക്കിലെ ഹൈവേ എഞ്ചിനീയറിംഗ് ഡിവിഷനിലെ സീനിയർ സയന്റിസ്റ്റായ സുബിൻ ബാബു.
സുബിന്റെ വാക്കുകൾ-
''കോണിപ്പടികളുടെ ശാസ്ത്രീയതയിലേക്ക് ഒരെത്തിനോട്ടം. (The logic behind the design of staircases)
ഇതിൽ കോമഡി ഇല്ല, ട്രോൾ ഇല്ല, മസാല ഇല്ല പക്ഷെ അഞ്ച് മിനുട്ട് ചിലവാക്കി വായിക്കുമെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ ഉപകരിച്ചേക്കും. ഉപകരിക്കുന്നത് എഴുതിയാൽ വായിക്കാൻ ആളില്ല, ഷെയർ ചെയ്യാനും താല്പര്യം തോന്നില്ല. നീളം കുറക്കാൻ ആകെ മാർഗം പല പോസ്റ്റുകൾ ആയി ചുരുക്കി എപ്പിസോഡ് പോലെ ആക്കുക എന്നതാണ്. പക്ഷെ അത് പലതായി വായിക്കുമ്പോൾ ഒരിക്കലും സ്മൂത്ത് ആകില്ല അർത്ഥവും പൂർണമായി ഉൾക്കൊള്ളൻ ആകില്ല. ഇതാകുമ്പോൾ വായിക്കാൻ ക്ഷമ ഉണ്ടേൽ കാര്യം കൃത്യമായി മനസിലാകും..
കോണിപ്പടികൾ നമ്മുടെ കെട്ടിട നിർമ്മിതികൾക്ക് ഉയരങ്ങളിലേക്ക് വ്യാപിക്കാനുള്ള ശേഷി നൽകിയവയാണ് എന്നതിനാൽ വളരെ പ്രാധാന്യം അർഹിക്കുന്നവയാണ്. ഇതിന്റെ ശാസ്ത്രീയത വന്നു വന്നു നിർമ്മിക്കുന്നവനും, ഉപയോഗിക്കുന്നവനും ശ്രദ്ധിക്കുന്നില്ല എന്നു പലയിടത്തേയും അനുഭവങ്ങൾ കണ്ടതുകൊണ്ട് എഴുതുന്നു. ചുവടെ ചിത്രത്തിൽ നിലവിലുള്ള ഏതാണ്ട് 13 ഓളം സ്റ്റെയർ കേസ് ഡിസൈനുകൾ നൽകിയിട്ടുണ്ട്. ഇതിൽ ഏറ്റവും സുരക്ഷിതം u ടൈപ്പ് സ്റ്റെയർ കേസ് ആണ്.
സ്റ്റെയർ കേസ് നിർമ്മിക്കുമ്പോൾ പ്രധാനമായും അറിയേണ്ടത് നമ്മുടെ ബ്രെയിൻ എങ്ങനെ അതിനോട് പ്രതികരിക്കുന്നു എന്നുള്ളതാണ്. നമ്മൾ ഒരു കോണിപ്പടി കയറുമ്പോൾ ബ്രെയിന്റെ ആക്റ്റീവ് റെസ്പോൺസ് മെക്കാനിസം കണ്ണുകളിലൂടെ ആദ്യ രണ്ടു മൂന്നു പടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പിന്നീട് നടക്കുന്നത് ബ്രെയിൻ ആ പടികളുടെ അകലം, പൊക്കം ഇവ കണ്ണുകളിലൂടെ തിരിച്ചറിഞ്ഞത് ഇതുമായി ബന്ധപ്പെട്ട മറ്റു ചിന്തകളെ, അറിവുകളെ ഫീലിംഗുകളെ തലച്ചോറിന് പല ഭാഗത്തു നിന്ന് ക്രോഡീകരിച്ചുകൊണ്ട് അപഗ്രഥിച്ചു കാലുകൾ കൃത്യ ഉയരത്തിൽ പൊക്കി കൃത്യ അകലത്തിൽ തിരികെ വച്ച് ഓരോ പടിയായി കയറാൻ ആരംഭിക്കുകയാണ് ചെയ്യുക. ഇങ്ങനെ ആദ്യ രണ്ടോ മൂന്നോ പടി ശ്രദ്ധിച്ചു കഴിയുമ്പോൾ ബ്രെയിന്റെ ആക്ടിവ് റെസ്പോൺസ് മെക്കാനിസം പ്രത്യക്ഷ ശ്രദ്ധ പിൻവലിച്ചുകൊണ്ട് ഓട്ടോമാറ്റിക് ആയി കാലുകൾ കൃത്യമായി ചലിപ്പിച്ചു ബാക്കി പടികൾ തുടരെ തുടരെ കാലുകൾ ഉയർത്തി ചവിട്ടി നമ്മളെ മുകളിൽ എത്തിക്കും. അല്ലാതെ ഓരോ പടിയും ശ്രദ്ധയോടെ കണ്ടു, ചിന്തിച്ചു അപഗ്രഥിച്ച് അല്ല ബാക്കി പടികൾ കയറുക. എന്നാൽ പ്രായം 50 കഴിയുമ്പോൾ വീണ്ടും നമ്മൾ ആദ്യം പഠിച്ചത് പോലെ പേടിയോടെ ഓരോ പടിയും ശ്രദ്ധയോടെ ചുവട് വെച്ച് കയറി തുടങ്ങും. എന്നാൽ ചെറുപ്രായക്കാർ ഞാൻ ആദ്യം പറഞ്ഞതുപോലെ വേഗത്തിൽ കൃത്യമായി ആദ്യ ഒന്നോ രണ്ടോ പടികൾ ബ്രെയിൻ അപഗ്രഥിച്ചതിന്റെ അടിസ്ഥാനത്തിൽ ചുവടുകൾ പൊക്കി വച്ചുകൊണ്ട് ഓടി കയറി പോകുകയാണ് ചെയ്യുക.
ഇവിടെ രണ്ടു കാര്യങ്ങൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
Stair case നിർമ്മിക്കുമ്പോൾ ഒരു പടിയുടെ അളവ് അൽപ്പം കുറയുകയോ, കൂടുകയോ ചെയ്താൽ ഉറപ്പായും അത് ഉപയോഗിക്കുമ്പോൾ അവിടെ നമ്മുടെ കാലിടറും, വീഴാൻ പോകുന്നത് പോലെ പോകും. (എപ്പോഴെങ്കിലും നിങ്ങൾക്ക് ഇത് അനുഭവപ്പെട്ടിട്ടുണ്ടോ ) എന്താണ് കാരണം എന്നു ഇപ്പോൾ വ്യക്തമായല്ലോ. നമ്മുടെ ബ്രെയിൻ അത് ശ്രദ്ധിക്കില്ല ആദ്യ രണ്ടു പടിയിൽ തന്നെ ബ്രെയിൻ ബാക്കി പടി കേറാനുള്ള പ്രോഗ്രാം പ്രോസസ്സ് ചെയ്തു കഴിയും. രണ്ടാമത്തെ കാര്യം ഒരു പടിക്ക് ശാസ്ത്രീയമായി നൽകാവുന്ന പരമാവധി സുരക്ഷിത പൊക്കം എന്നു പറയുന്നത് 15 സെന്റിമീറ്റർ ആണ്. എന്തെന്നാൽ നമ്മുടെ തലച്ചോറിന്റെ പ്രത്യക്ഷ ശ്രദ്ധ കേന്ദ്രീകരിക്കാതെ (ഫോക്കസ് ചെയ്യാതെ ) നമുക്ക് കാലുകൾ ഉയർത്താവുന്ന പരമാവധി പൊക്കം 15cm ആണ്. അതിനപ്പുറം കാലുകൾ ഉയർത്തണം എങ്കിൽ ആക്റ്റീവ് ബ്രെയിൻ റെസ്പോണ്ട്സ് ആവശ്യമാണ്. പടികയറുമ്പോൾ ആക്റ്റീവ് റെസ്പോണ്ട്സ് എല്ലാ പടിയിലും ഉപയോഗിക്കില്ലെന്നു ആദ്യമേ പറഞ്ഞല്ലോ. ആയതിനാൽ ഒരു സ്റ്റെപ്പിന് പരമാവധി 15cm മാത്രമേ ഉയരം നൽകാവു. ഇതിനെ rise എന്നു പറയും. ഇതേ തത്വമാണ് റോഡിലെ ഫുട്പത്തുകൾക്കും കെർബ് ഐലന്റിന്റെ ഉയരം 15cm ആയി നിജപ്പെടുത്താൻ കാരണം.അതുപോലെ മിനിമം 25cm ഓരോ പടിക്കും ഉൾവീതി ഉണ്ടാകേണ്ടതാണ് ഇതിനെ thread എന്നാണ് പറയുന്നത്. 30cm നൽകാൻ കഴിഞ്ഞാൽ ഏറെ ഉചിതം. ഇത് കാൽ പാദം പൂർണ്ണമായി പടിയിൽ ഉൾകൊള്ളുന്നതിനു ആണ് നൽകുന്നത്.
ആയതിനാൽ ഏതൊരു പബ്ലിക് കെട്ടിടത്തിൽ പോയാലും പടികൾ എണ്ണത്തിൽ കൂടുതലും ഓരോ പടിക്കും ഉയരം കുറവും ആയിരിക്കും. എന്നാൽ വീടുകളിൽ സ്ഥലപരിമിതി മൂലം ചിലപ്പോൾ 12 ഓ 13 ഓ ഉയരം കൂടിയ പടികൾ കൊണ്ട് മുകളിലെ നിലയിൽ അതായതു 3.10മീറ്റർ ഉയരത്തിൽ എത്തിക്കാറുണ്ട്. അതൊക്കെ ആശാസ്ത്രീയമാണ് എന്നുമാത്രമല്ല 35വയസ്സ് കഴിഞ്ഞാൽ നല്ലൊരു ഭാഗം ആളുകളും മുകളിൽ വലിഞ്ഞു കേറാൻ ശ്രമിക്കില്ല. കാൽമുട്ടുകൾ വേദനിക്കും സ്‌ട്രെസ് കൂടും.
ഇനി അടുത്ത കാര്യം ഓരോ 1.50m ഉയരത്തിൽ നിങ്ങൾ എത്തിക്കഴിയുമ്പോളും ഒരല്പം വിശ്രമം ജോയിന്റുകൾ നൽകുന്നതിനും, അപകട സാഹചര്യത്തെ ഒഴിവാക്കുന്നതിനും മിനിമം പടിയുടെ അതെ വീതിയിൽ ഒന്നര ഇരട്ടി നീളത്തിൽ ഒരു പരന്ന പ്രതലം നൽകേണ്ടതുണ്ട് ഇതിനെ ലാൻഡിംഗ് സ്പേസ് എന്നു പറയും.
Stair ഉണ്ടാക്കുമ്പോൾ ഒരിക്കലും ലാൻഡിംഗ് സ്പെസിൽ പടികൾ നിർമ്മിക്കരുത്. ഇത് ബ്രയിന്റെ റെസ്പോണ്ട്സ് തെറ്റിക്കാനും നിങ്ങളെ മറിച്ചിടാനും സാധ്യത കൂട്ടും. സ്റ്റെപ്പിന് തൊട്ടുമുന്നിൽ വാതിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഡോർ തുറന്നാൽ അതുവരെ തലച്ചോറിന്റെ പ്രത്യക്ഷ ശ്രദ്ധ ഇല്ലതെ പരന്ന പ്രതലത്തിൽ നടന്നു വന്ന നമ്മൾ പടി ശ്രദ്ധിക്കപ്പെടാതെ മറിഞ്ഞു പോകും.
വളഞ്ഞ കോണിപ്പടികൾ ഒഴിവാക്കുക അവ തീരെ സുരക്ഷിതമല്ല കാരണം ഓരോ പടിയും രണ്ടു അറ്റത്തും വ്യത്യസ്ത thread അളവ് ആയതിനാൽ അപകടം സംഭവിക്കാൻ സാധ്യത ഏറെയാണ്.. കാഴ്ചയിലെ സൗന്ദര്യത്തെക്കാൾ സുരക്ഷ ശ്രദ്ധിക്കുക.
ഒരിക്കലും ഇരുണ്ട നിറത്തിൽ ആയാലും, തെളിഞ്ഞ നിറത്തിൽ ആയാലും ഒറ്റ നിറത്തിൽ പടികൾ നിർമ്മിക്കരുത്. ഇത് തലച്ചോറിനു പടി ഏതു പരന്ന പ്രതലം ഏതു എന്നു തിരിച്ചറിയാൻ ബുദ്ദിമുട്ടു ഉണ്ടാക്കും അതുവഴി ആപത്ത് സാധ്യത കൂട്ടും. പടിയുടെ നിറം ഇരുണ്ടത് ആയാലും പടിയുടെ വക്കിൽ തിളക്കമുള്ള അല്ലെങ്കിൽ തെളിച്ചമുള്ള നിറം നൽകണം. അപ്പോൾ തലച്ചോർ ആ ഭാഗം കൂടുതൽ ശ്രദ്ധിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.അതുപോലെ പടിയുടെ ത്രെഡ് ഇരുണ്ടത് ആയാൽ റൈസ് വരുന്ന ഭാഗത്തെ പ്രതലം തെളിച്ചമുള്ള വസ്തുവാൽ നിർമ്മിക്കണം. ത്രെഡ് തെളിവുളള നിറമാണെങ്കിൽ റൈസ് ഇരുണ്ടത് ആക്കി നിർമ്മിക്കുക.
U shape നല്ലത് എന്നു പറയാൻ കാരണം നമ്മൾ കൃത്യം അളവിൽ ഡിസൈൻ ചെയ്ത പടിക്കെട്ട് ആണെങ്കിൽ ഓരോ പടിക്കും 15cm പൊക്കം വരും. അപ്പോൾ കൃത്യം 10പടി കയറി കഴിയുമ്പോൾ ലാൻഡിംഗ് 1.50m ഉയരത്തിൽ വരും. എതിർ ദിശയിൽ വീണ്ടും 10 പടി കയറിക്കഴിയുമ്പോൾ നമ്മൾ മുകളിൽ എത്തും. പകരം 10ഇൽ അധികം പടികൾ നൽകിയാൽ കൽമുട്ടിനു സ്‌ട്രെസ് കൂടുന്നതിനും, അഥവാ ആരേലും വീണാൽ വളരെ താഴേക്കു പടിക്കെട്ടിലൂടെ നിലം പതിക്കുന്നതിനും ഒക്കെ സാദ്ധ്യത ഉണ്ട്.
ചുവടെ ശരിയായ രീതിയിൽ ഉള്ള പടികളുടെ ചിത്രമുണ്ട്. അതുപോലെ വളരെ അപകടകാരമായി ലാൻഡിംഗിൽ പടികൾ നിർമ്മിച്ചു ഒറ്റ നിറത്തിൽ നിർമ്മിച്ചുവെച്ചേക്കുന്ന പടികളുടെ ചിത്രവും, ഇരുണ്ട നിറത്തിൽ ആപത്തു വരുത്തുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള പടികളുടെ ചിത്രവും നൽകിയിട്ടുണ്ട്. അവയൊക്കെ കണ്ടു കാര്യങ്ങൾ വ്യക്തമാക്കുക. ഇതുപോലുള്ള സ്ഥലങ്ങളിൽ പ്രത്യക്ഷ ശ്രദ്ധ ഉപയോഗിച്ച് സാവധാനംപടികൾ കയറാൻ ശ്രമിക്കുക.
ചുവടെ ഉള്ള അപകടകരമായ പടിക്കെട്ടുകൾ തിരുവനന്തപുരത്തെ പേരുകേട്ട ഒരു ആശുപത്രിയിലെ പടിക്കെട്ടുകൾ ആണ്. ലാൻഡിംഗിൽ ഒരു സ്റ്റെപ്പ് കൂടി നിർമ്മിച്ച് ആപത്തു സാദ്ധ്യത വളരെ കൂട്ടിയിട്ടുണ്ട്. ചിലയിടത്തു ഫുൾ പടികളും ഇരുണ്ട നിറം, ചിലതിൽ ഫുൾ പടികളും തെളിച്ചമുള്ള ഒറ്റ നിറം. രണ്ടും ഒരുപോലെ അപകടകാരമാണ്. പടികളുടെ വക്കുകൾ ഉരുട്ടി സ്മൂത്ത് ആക്കേണ്ടതാണ്. രോഗികൾ കയറി ഇറങ്ങുന്ന, ഇമോഷണലി ഡിസ്റ്റർബ്ഡ് ആയിട്ടുള്ള ആയിരങ്ങൾ ദിനവും ഉപയോഗിച്ചേക്കാവുന്ന ഒരു പബ്ലിക് സ്പേസ് ഡിസൈൻ ചെയ്യുമ്പോൾ പോലും ഇതിണെ പറ്റി അടിസ്ഥാന അറിവ് ഇല്ലാതെ അപകടകാരമായി ഇവയൊക്കെ നിർമ്മിച്ചു കാണുന്നത് എഞ്ചിനിയർ എന്ന പദവിക്കു കളങ്കം ചാർത്തുന്നത് ആണ്. നിർമ്മിച്ചേക്കുന്ന ആപത്തു സാദ്ധ്യതയിൽ അതിനേക്കാൾ അശ്രദ്ധമായി അവ ജനം ഉപയോഗിച്ചു കണ്ടതിനാൽ പോസ്റ്റ് ഇടുന്നതാണ്.
എളുപ്പത്തിൽ തെറ്റായ രീതിയിൽ നിർമ്മിച്ചു വച്ചശേഷം ' Mind Your steps ' എന്നു ഫോണും പിടിച്ചു പലതും ചിന്തിച്ചു ഡിസ്ട്രക്റ്റഡ് ആയി നടക്കുന്ന ജനത്തിനോട് പറയുന്നതിലും നല്ലത് ജനത്തെ തിരിച്ചറിഞ്ഞുകൊണ്ട് സുരക്ഷിതമായ രീതിയിൽ അവ നിർമ്മിക്കുന്നത് ആണെന്ന് നിർമ്മാതാക്കൾ മനസിലാക്കുക''.