manoj-modi

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ മിക്കപ്പോഴും സോഷ്യൽമീഡിയയിൽ വാർത്തകളാകാറുണ്ട്. മുകേഷ് അംബാനിയുടെ മകൻ അനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹ വിശേഷങ്ങൾ ഏറെ ചർച്ചയായതുമാണ്. ഇപ്പോഴിതാ മുകേഷ് അംബാനി തന്റെ വിശ്വസ്തനായ മനോജ് മോദിക്ക് സ്‌നേഹ സമ്മാനമായി നൽകിയ വീടിനെക്കുറിച്ചുളള വിശേഷങ്ങളാണ് വാർത്തയാകുന്നത്.

റിലയൻസ് ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണായക സ്വാധീനമായി മാറിയ വ്യക്തിയാണ് മനോജ് മോദി. മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി കമ്പനിയുടെ തലപ്പത്തിരിക്കുന്ന കാലം മുതൽക്കേ മനോജ് മോദി ജോലിയിലുണ്ട്. വർഷങ്ങൾ പിന്നിടുമ്പോൾ അംബാനി കുടുംബാംഗങ്ങളുടെ വിശ്വസ്തനായി മാറുകയായിരുന്നു മനോജ് മോദി. 2020 ഏപ്രിലിലും കൊവിഡ് മഹാമാരി പിടിപ്പെട്ട സമയത്തും കമ്പനിയുടെ വളർച്ചയിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ആകാശ് അംബാനിയുടെ നേതൃത്വത്തിൽ ജിയോ ഫേസ്ബുക്കിൽ നിന്ന് 43,000 കോടി രൂപയുടെ നിക്ഷേപവും നേടിയെടുത്തിരുന്നു.


നിലവിൽ മനോജ് മോദിയുടെ ആകെ ആസ്തികളുടെ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നിരുന്നാലും 2022ൽ മുകേഷ് അംബാനി അദ്ദേഹത്തിന് സമ്മാനമായി നൽകിയ ആഡംബര കെട്ടിടത്തിന്റെ വിവരങ്ങൾ ലഭ്യമാണ്. മുംബയിലെ നേപ്പിൻ സീ റോഡിനടുത്തായാണ് 22നില കെട്ടിടം സ്ഥിതി ചെയ്യുന്നത്. അന്ന് 1500 കോടി രൂപ മൂല്യമുളള കെട്ടിടത്തിന്റെ ആദ്യത്തെ ഏഴ് നിലകൾ കാർ പാർക്കിംഗിനായാണ് ഒരുക്കിയിരിക്കുന്നത്. ജെഎസ്ഡബ്യൂ ഗ്രൂപ്പ് ചെയർമാനായ സജ്ജൻ ജിൻഡാലിനെപ്പോലുളള പ്രമുഖ വ്യവസായികൾക്കും ഇവിടെ ആഡംബര വീടുകളുണ്ട്. കടലിനോട് അഭിമുഖമായി നിൽക്കുന്ന ജിൻഡാലിന്റെ വസതിയായ മഹേശ്വരി ഹൗസ് അദ്ദേഹം 2011ൽ 400 കോടി രൂപ ചെലവഴിച്ചാണ് സ്വന്തമാക്കിയത്.


മുകേഷ് അംബാനിയും മനോജ് മോദിയും തമ്മിലുളള ബന്ധം
കോളേജിൽ പഠിക്കുന്ന കാലം മുതൽക്കേ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. മുംബയ് സർവകലാശാലയിൽ ഇരുവരും കെമിക്കൽ എഞ്ചിനീയറിംഗാണ് പഠിച്ചത്. വിദ്യാഭ്യാസം പൂർത്തിയാക്കി 1980ഓടെ മനോജ് റിലയൻസ് ഇൻഡസ്ട്രീസിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. 2007ൽ മനോജ് മോദി റിലയൻസിന്റെ ഡയറക്ടറാകുകയും ചെയ്തു. സോഷ്യൽമീഡിയയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് മനോജ്. ഭാര്യയും രണ്ട് പെൺമക്കളുമുളള അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.