
മലയാളികളുടെ പ്രിയങ്കരികളായ മാറിയ താരസഹോദരിമാരാണ് കലാരഞ്ജിനിയും കൽപ്പനയും ഉർവശിയും. മൂന്ന് താരങ്ങളും അഭിനയിച്ച ചിത്രങ്ങൾ ഏറെ ഇഷ്ടത്തോടെയാണ് മലയാളികൾ കണ്ടിരുന്നത്. അതിനിടെയുണ്ടായ കൽപ്പനയുടെ വിയോഗവും സിനിമാസ്വാദകർ മറന്നിട്ടില്ല. ഇപ്പോഴിതാ കുടുംബത്തിലുണ്ടായ ദുരന്തങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് കലാരഞ്ജിനി. ജീവിതത്തിലുണ്ടായ ദുഃഖങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നാണ് താരം പറയുന്നത്.
'ആദ്യം അച്ഛൻ പിന്നെ അനിയൻ, ചിറ്റപ്പൻ, മിനിമോൾ (കൽപ്പന) അതെല്ലാം നഷ്ടങ്ങളാണ്. മിനിമോളുടെ മരണം എല്ലാവരുടെയും നഷ്ടമാണ്. അവളുടെ കഴിവിന് അനുസരിച്ചുള്ള അംഗീകാരങ്ങൾ കിട്ടിയിട്ടില്ലെങ്കിലും അവൾക്ക് പകരം വയ്ക്കാൻ വേറെ ആരും ഇതുവരെയുണ്ടായിട്ടില്ല. അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. അപ്പോഴൊക്കെ സഹപ്രവർത്തകർ ഞങ്ങളെ ചേർത്ത് പിടിച്ചിരുന്നു. അതൊരു ആശ്വാസമായിരുന്നു.
ദിലീപ് നായകനായ കൊച്ചി രാജാവിൽ അഭിനയിക്കുമ്പോഴാണ് ഞങ്ങളുടെ ചിറ്റപ്പൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായത്. ഇതുകേട്ട ഉടനെ ദിലീപും മുരളി ചേട്ടനും ഞാനും അഭിനയിക്കാനുള്ള സീനുകൾ എല്ലാം വേഗം തീർത്തു. ആശുപത്രിയിലേക്ക് പോകാൻ ഞാൻ ഇറങ്ങിയപ്പോൾ എന്റെ പ്രതിഫലം മുഴുവനുമായി ദിലീപ് വാങ്ങി തന്നു. എന്നിട്ട് പറഞ്ഞു ' ചേച്ചി വേറൊന്നും ഇപ്പോൾ നോക്കേണ്ട. ആദ്യം ആശുപത്രിയിലെ കാര്യം നോക്കൂ'. അത് ഒരിക്കലും മറക്കാൻ സാധിക്കില്ല.
അനിയന്റെ മരണവും ഞെട്ടിക്കുന്നതായിരുന്നു, അപ്പോൾ ലാലേട്ടന്റെ അമ്മ പറഞ്ഞു ' മക്കളെ എന്റെ വീട്ടിലും മരണം നടന്നതല്ലേ. എന്നിട്ടും ഞാൻ പിടിച്ചുനിന്നു. ഇതൊക്കെ മറക്കാനുള്ള ധൈര്യം ദൈവം തരും. ഓരോ ദുരന്തത്തിലും ശ്രീകുമാരൻ തമ്പി സാറിന്റെ കുടുംബവും കൂടെ തന്നെ ഉണ്ടായിരുന്നു'- കലാരഞ്ജിനി പറഞ്ഞു.
സിനിമയിലേക്ക് കടന്നുവന്നതിനെക്കുറിച്ചും കലാരഞ്ജിനി പറഞ്ഞു. 'അച്ഛനും അമ്മയും നിർബന്ധിച്ചിട്ടല്ല ഞങ്ങൾ സിനിമയിലേക്ക് വന്നത്. യാദൃശ്ചികമായി എത്തിയതാണ്. അതുപോലെ മക്കളും അവർക്ക് ഇഷ്ടമുള്ള ജോലി ചെയ്യട്ടെ എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷേ അവരും ചെറുപ്പം മുതൽ കാണുന്നത് സിനിമ തന്നെയാണല്ലോ. ഈ ചോറ് കഴിച്ചിട്ടാണല്ലോ അവരും വളർന്നത്. അതുകൊണ്ടാവാം അവരുടെ രക്തത്തിലും സിനിമ തന്നെയാണ്'- താരം പറഞ്ഞു.