food

കല്ലറ: കാന്താരി വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും ആളത്ര ചില്ലറക്കാരനല്ല. മുളകുകളുടെ വിലയിൽ കേമനാണ് കാന്താരി. കിലോയ്ക്ക് 500 മുതൽ 600 രൂപ വരെയുണ്ട്. കാന്താരിയുടെ ലഭ്യതക്കുറവ് വില വർദ്ധനവിന് കാരണമായി പറയുന്നു. എല്ലാ സീസണിലും കാന്താരിക്ക് ഡിമാൻഡ് ഏറെ ഉണ്ടെങ്കിലും വിപണിയിൽ ആവശ്യത്തിന് എത്തുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.

തമിഴ്നാട്ടിൽ നിന്നാണ് മാർക്കറ്റിലേക്ക് കാന്താരി കൂടുതലായും എത്തുന്നത്. കാണാൻ നാടൻ കാന്താരിയെപ്പോലെ ഉണ്ടെങ്കിലും ഇവയ്ക്ക് ഗുണം കുറവാണ്. നാടൻ വിഭവങ്ങൾക്ക് ഗ്രാമങ്ങളിൽ എന്ന പോലെ നഗരങ്ങളിലും ഡിമാൻഡേറിയതോടെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഉൾപ്പെടെ കാന്താരിക്ക് പ്രിയമേറി. ഗ്രാമങ്ങളിൽ കപ്പ, ചേന, ചേമ്പ് തുടങ്ങിയ പുഴുക്കുകൾക്കൊപ്പം കാന്താരി നിർബന്ധമാണ്.

നഗരങ്ങളിലെ ഹോട്ടലുകളിൽ കപ്പയും കാന്താരിയും പ്രധാന മെനുവായി മാറിയിട്ടുണ്ട്. അതേസമയം വില കുതിച്ചിട്ടും കാന്താരി കൃഷി ചെയ്യാൻ കർഷകർ മുന്നോട്ട് വരാത്ത സ്ഥിതിയാണ് നിലവിൽ. പലരും ഇഞ്ചിക്കൃഷിക്കും മറ്റും ഇടവിളയായാണ് കാന്താരി കൃഷി ചെയ്യുന്നത്. മാറി മറിയുന്ന വിലയും ചെടികളുടെ ലഭ്യതക്കുറവുമാണ് കർഷകരെ കൃഷിയിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നത്.

വിദേശമലയാളികൾക്ക് പ്രിയം

ഉണക്കി വിദേശത്തേക്ക് കയറ്റി അയക്കാൻ തുടങ്ങിയതോടെയാണ് കാന്താരി മുളകിന് ഡിമാൻഡേറിയത്. ഉണങ്ങിയ കാന്താരിമുളക് പായ്ക്കറ്റിലും ലഭ്യമാണ്. രാസവസ്തു സാന്നിദ്ധ്യം കുറവാണെന്നതും ഉണക്കി ദീർഘകാലം സൂക്ഷിക്കാമെന്നതും കാന്താരിയോടുള്ള പ്രിയം വർദ്ധിപ്പിച്ചു. അതുപോലെ കാന്താരി അച്ചാറിനും ഉപ്പിലിട്ടതിനും ആവശ്യക്കാരേറെയുണ്ട്. ശരീരത്തിലെ കൊളസ്‌ട്രോളിനുള്ള നാടൻ പ്രതിവിധി എന്നതാണ് കാന്താരിയെ വിപണിയിലെ കുഞ്ഞൻ താരമാക്കിയത്. എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

ഔഷധ ഗുണങ്ങളുമുണ്ട്

കാന്താരിയുടെ എരിവിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്സിനോയിഡുകളാണ്. വിറ്റാമിനുകളായ എ, സി, ഇ, കാത്സ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ്. കാന്താരി മുളകിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും രക്തയോട്ടം വർദ്ധിപ്പിക്കാനുമുള്ള കഴിവുമുണ്ട്. എന്നാൽ അമിത ഉപയോഗം അൾസറിലേക്ക് നയിക്കാം.