
കിഴക്കമ്പലം: യമണ്ടൻ ഉദ്ഘാടനം, നോട്ടീസ് കണ്ട് മന്ത്രിയടക്കം ഞെട്ടി. ആശംസയർപ്പിക്കാൻ 51 പേർ. മന്ത്രിയും എം.പിയും മൂന്ന് എം.എൽ.എമാരും ജില്ലാ പഞ്ചായത്ത് , ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുൾപ്പെടെ ആരോഗ്യ വകുപ്പിലെ പ്രമഖരടക്കം നീണ്ട നിര. മലയിടംതുരുത്ത് സാമൂഹികാരോഗ്യ കേന്ദ്രം ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതാണ് ചടങ്ങ്. ഒരാൾ അഞ്ച് മിനിറ്റ് ആശംസ പറഞ്ഞാൽ പോലും നാല് മണിക്കൂർ വേണം ചടങ്ങ് തീരാൻ. പ്രാസംഗീകരുടെ നീണ്ട നിര കണ്ടാകണം ഉദ്ഘാടനം കഴിഞ്ഞയുടൻ മന്ത്രി വീണാ ജോർജ് സ്ഥലം കാലിയാക്കി.
സ്റ്റേജിൽ ഇരിക്കാനിടമില്ല
ആശംസകരായി എത്തിയവർക്ക് സ്റ്റേജിലിടം ലഭിക്കാതെ വന്നതോടെ അതും പരിഭവമായി. ഈർക്കിലി പാർട്ടിയുടെ നേതാക്കന്മാർ വരെ അലക്കി തേച്ച വെള്ളക്കുപ്പായവുമിട്ട് സ്റ്റേജിന് പിന്നിലെങ്കിലും ഇടം പ്രതീക്ഷിച്ച് വന്നെങ്കിലും സദസിലിരുത്തിയതോടെ അടക്കം പറച്ചിലായി. അഞ്ച് അണികൾ തികച്ചില്ലാത്തവരും സ്റ്റേജിലിടം പിടിക്കാൻ നെട്ടോട്ടമോടി. നാട്ടിലെ നാലാളറിയുന്നവർ മുതൽ എച്ച്.എം.സി മെമ്പർ വരെ നോട്ടീസിൽ ഇടം പിടിച്ചിരുന്നു. ഇടിഞ്ഞു താഴെ വീഴുമെന്ന് പൊലീസ് മുന്നറിയിപ്പിൽ ചടങ്ങിൽ പങ്കെടുത്തുവെന്നാക്കി പലരും സ്ഥലം കാലിയാക്കി.

പിണക്കേണ്ടെന്ന പക്ഷം
എന്തിനാണ് ഇത്രയധികം പേരെ ഉൾപ്പെടുത്തിയതെന്ന സംഘാടകരോട് അന്വേഷിച്ചപ്പോൾ ആരെയും പിണക്കണ്ട, തദ്ദേശ തിരഞ്ഞെടുപ്പൊക്കെ വരികയല്ലെ എന്നായിരുന്നു നിർദ്ദേശമെന്ന് അറിയാനായി.