
ഇന്ത്യൻ കായികചരിത്രത്തിലെതന്നെ ഏറ്റവും തിളക്കമാർന്ന മുഹൂർത്തമാണ് ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന 45-ാമത് ചെസ് ഒളിമ്പ്യാഡിൽ പിറന്നത്. ചരിത്രത്തിൽ ആദ്യമായി ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വർണമെഡൽ നേടാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു. അതിനൊപ്പം നാല് ഇന്ത്യൻ താരങ്ങൾ വ്യക്തിഗത സ്വർണമെഡലുകളും സ്വന്തമാക്കി. ഒളിമ്പിക്സിൽ മത്സര ഇനമല്ലാത്ത ചെസിന്റെ ഒളിമ്പിക്സാണ് ചെസ് ഒളിമ്പ്യാഡ്. ഓപ്പൺ വിഭാഗത്തിൽ 193 രാജ്യാന്തര ടീമുകളും വനിതാ വിഭാഗത്തിൽ 181 രാജ്യങ്ങളുമാണ് മത്സരിച്ചത്. ഓരോ രാജ്യത്തുനിന്നും ഏറ്റവും മികച്ച അഞ്ച് താരങ്ങളടങ്ങുന്ന ടീമുകളാണ് ഓരോ വിഭാഗത്തിലും ഏറ്റുമുട്ടിയത്. 11 റൗണ്ടുകളിൽ പത്തിലും വെന്നിക്കൊടി പാറിച്ചാണ് ഇന്ത്യൻ സംഘം ഓപ്പൺ വിഭാഗത്തിൽ കിരീടം നേടിയത്. ഒൻപതാം റൗണ്ടിൽ ഉസ്ബക്കിസ്ഥാനെതിരെ മാത്രമാണ് സമനില വഴങ്ങിയത്. 21 പോയിന്റ് നേടി റെക്കാഡോടെ ഇന്ത്യ ചാമ്പ്യന്മാരായപ്പോൾ രണ്ടാം സ്ഥാനക്കാരായ അമേരിക്കയ്ക്ക് നേടാനായത് 17 പോയിന്റ് മാത്രം.
വനിതാ വിഭാഗത്തിലെ 11 റൗണ്ട് മത്സരങ്ങളിൽ എട്ടാം റൗണ്ടിൽ പോളണ്ടിനോടു മാത്രമാണ് തോറ്റത്. അമേരിക്കയോട് 2-2ന് സമനില വഴങ്ങിയ ഇന്ത്യൻ വനിതകൾ 19 പോയിന്റാണ് നേടിയത്. ഇന്ത്യൻ യുവനിരയുടെ ആഴവും പരപ്പുമാണ് ഒളിമ്പ്യാഡിൽ ദൃശ്യമായത്. വിശ്വനാഥൻ ആനന്ദ് എന്ന അതുല്യപ്രതിഭയിൽ ഒതുങ്ങിയിരുന്ന ഇന്ത്യൻ ചെസ് ഇപ്പോൾ പ്രതിഭകളാൽ സമ്പന്നമാണ്. ലോകചാമ്പ്യന്റെ എതിരാളിയെ കണ്ടത്താനുള്ള ചലഞ്ചർ ടൂർണമെന്റിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ വിജയം നേടിയ താരമാണ് ഈ ഒളിമ്പ്യാഡിൽ വ്യക്തിഗത സ്വർണവും കരസ്ഥമാക്കിയ ഡി. ഗുകേഷ്. മാഗ്നസ് കാൾസനെ നിരവധി തവണ കീഴടക്കിയ പ്രഗ്നാനന്ദ മറ്റൊരു കൗമാര വിസ്മയമാണ്. എരിഗേസിയും വിദിത്തും ഹരികൃഷ്ണയുമൊക്കെ ലോക റാങ്കിംഗിൽത്തന്നെ മുൻനിരയിലുള്ളവരാണ്. ആദ്യ അഞ്ച് റാങ്കിനുള്ളിൽ എത്തിയില്ലെന്നതിന്റെ പേരിൽ ഒളിമ്പ്യാഡിന് പോകാൻ കഴിയാതിരുന്ന മലയാളി താരങ്ങളായ എസ്.എൽ. നാരായണനും നിഹാൽ സരിനുമൊക്കെ ഇവർക്കൊപ്പം പ്രതിഭ തെളിയിച്ചവരാണ്.
വനിതാവിഭാഗത്തിൽ പരിചയസമ്പന്നയായ കൊനേരു ഹംപിയെക്കൂടാതെയാണ് സ്വർണം നേടിയത് എന്നത് എടുത്തുപറയണം. ആദ്യഘട്ടത്തിൽ ഇന്ത്യൻ പെൺകൊടികൾക്ക് സാദ്ധ്യത കൽപ്പിക്കാതിരുന്നവരെ അത്ഭുതപ്പെടുത്തിയാണ് ഒട്ടും വിട്ടുകൊടുക്കാത്ത പോരാട്ടത്തിലൂടെ അവർ ലക്ഷ്യത്തിലെത്തിയത്.
ഈ നേട്ടത്തിൽ അഭിനന്ദിക്കേണ്ടത് സാക്ഷാൽ വിശ്വനാഥൻ ആനന്ദിനെയാണ്. കാരണം. തനിക്കു ശേഷം പ്രളയം എന്ന് അദ്ദേഹം ചിന്തിച്ചില്ല. താൻ കടന്നുപോന്ന കിരീടവഴികളിലേക്ക് പിൻതലമുറയെ കൈപിടിച്ചു കയറ്റുകയെന്ന കടമ നിർവഹിക്കാൻ ആനന്ദ് മുന്നിൽ നിന്നതിന്റെ പരിണിതഫലമാണ് ഈ യുവനിരത്തിളക്കം. പ്രഗ്നാനന്ദയേയും ഗുകേഷിനെയുമൊക്കെ കൈപിടിച്ചുയർത്തിയത് ആനന്ദാണ്.
പരിശീലനത്തിന് വൻതുക ചെലവുവരുന്ന ചെസിൽ ആനന്ദിന്റെ പിൻബലംകൊണ്ടാണ് പല യുവതാരങ്ങൾക്കും സ്പോൺസർഷിപ്പുകൾ ലഭിച്ചത്. ചെസിനെ പിന്തുണയ്ക്കുന്ന തമിഴ്നാട് സർക്കാരിന്റെ നിലപാടുകൾ ചെന്നൈ കേന്ദ്രീകരിച്ച് വളരാൻ താരങ്ങളെ ആകർഷിക്കുന്നു. കേരളത്തിലും നിരവധി ചെസ് പ്രതിഭകളുണ്ട്. ചെസ് ഒളിമ്പ്യാഡിലെ ഇന്ത്യയുടെ നേട്ടം അവരുടെ ഉള്ളിലും പ്രചോദനം പകരട്ടെ. അധികാരത്തർക്കത്തിന്റെപേരിൽ വിഘടിച്ചുനിൽക്കുന്ന അസോസിയേഷൻ കളികളിൽ കേരളത്തിലെ കളിക്കാരുടെ ഭാവി കൂമ്പടഞ്ഞുപോകരുത്. സ്കൂളുകളിലും വായനശാലകളിലും നഗരകേന്ദ്രങ്ങളിലും ചെസ് കളിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന്റെ അനുഭാവപൂർണമായ നിലപാടുണ്ടാവുകയും വേണം.