health

നമ്മൾ ദിവസേന ഉപയോഗിക്കുന്ന വസ്‌തുക്കളാണ് ബെഡ്‌ഷീറ്റും തലയിണയുമെല്ലാം. അതിനാൽതന്നെ അവയിൽ ധാരാളം ബാക്‌ടീരിയകളുടെ സാന്നിദ്ധ്യം ഉണ്ടാകാറുണ്ടെന്നും നമുക്കെല്ലാം അറിയാം. എന്നാൽ, ഇതിൽ എത്രത്തോളം കീടാണുക്കളാണ് ഉള്ളതെന്നറിയാമോ? അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നത് പ്രകാരം ദശലക്ഷക്കണക്കിന് കീടാണുക്കളാണ് ബെഡ്‌ഷീറ്റും തലയിണയിലുമുള്ളത്. അതായത് ടോയ്‌ലറ്റ് സീറ്റുകളിൽ കാണപ്പെടുന്നതിനെക്കാളേറെ.

ഒരാഴ്‌ചയിലെ കണക്ക് നോക്കുകയാണെങ്കിൽ, ഒരു ചതുരശ്ര ഇഞ്ചിൽ മൂന്ന് ദശലക്ഷം ബാക്ടീരിയ കോളനികളാണ് ഉണ്ടാവുന്നത്. അതിനാൽ, ബെഡ്‌ഷീറ്റും തലയിണയും ഏഴ് ദിവസം കൂടുമ്പോൾ കഴുകി ഉപയോഗിച്ചില്ല എങ്കിൽ ഈ ബാക്‌ടീരിയകൾ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.

മാസങ്ങളോളം ഒരേ ബെഡ്‌ഷീറ്റും തലയിണയും കഴുകാതെ ഉപയോഗിച്ചാൽ അതിൽ ബാക്ടീരിയകൾ പെരുകും. പഠനത്തിൽ ഓരോ ആഴ്‌ചയും ബാക്ടീരിയകളുടെ സാന്നിദ്ധ്യം പരിശോധിച്ചു. കഴുകാത്ത തലയിണ കവറുകളിൽ മൂന്ന് മില്യൺ ബാക്‌ടീരിയ കോളനി കണ്ടെത്തി. ഇത് ടോയ്‌ലറ്റ് സീറ്റിൽ കാണപ്പെടുന്നതിനേക്കാൾ 17,000 മടങ്ങ് കൂടുതലാണ്.

ബെഡ്‌ഷീറ്റുകളും ഇക്കാര്യത്തിൽ മോശമായിരുന്നില്ല. ആഴ്‌ചയിൽ അഞ്ച് ദശലക്ഷം ബാക്‌ടീരിയ കോളനികൾ കണ്ടെത്തി. അതായത് ഒരു ടോയ്‌ലറ്റിലുള്ളതിനേക്കാൾ 25,000 മടങ്ങ് ബാക്‌ടീരിയകൾ ഇതിലുണ്ടായിരുന്നു. നാലാമത്തെ ആഴ്‌ചയിൽ പരിശോധിച്ചപ്പോൾ ഏകദേശം 12 ദശലക്ഷം ബാക്‌ടീരിയ കോളനികൾ കണ്ടെത്തി.

പരിഹാരം

ശുചിത്വത്തിലൂടെ മാത്രമേ നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ തടയാൻ സാധിക്കുകയുള്ളു. അതിനാൽ, ചുറ്റുപാടും നല്ല വൃത്തിയായി സൂക്ഷിക്കുക. ധരിക്കുന്ന വസ്‌ത്രങ്ങൾ കഴുകി ഉപയോഗിക്കുക. സോപ്പുവെള്ളത്തിൽ ഇടയ്‌ക്കിടെ കൈ കഴുകുക. പുറത്തുപോയി വന്നയുടൻ കുളിക്കാതെ കിടക്കയിൽ ഇരിക്കരുത്.