faiz-morul

കോഴിക്കോട്: സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ യുട്യൂബർ പിടിയിൽ. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് അറസ്റ്റ് ചെയ്തത്. ചേവായൂർ ഇൻസ്‌പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടുന്നത്.

യുവതിയെ മൂന്നുമാസം മുൻപ് പ്രതി ലെെംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് വിവിധ ജില്ലകളിൽ അന്വേഷണം നടത്തി. പതിമൂന്നിലേറെ മൊബെെൽ ഫോൺ നമ്പർ മാറ്റി ഉപയോഗിച്ച ഇയാൾ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് പ്രതി ഇന്നലെ ഫറോക്കിൽ എത്തിയ വിവരം അറിഞ്ഞു. താൻ എത്തിയ വിവരം പൊലീസ് അറിഞ്ഞെന്ന് മനസിലാക്കിയ പ്രതി രാത്രി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് എറണാകുളത്തേക്കുള്ള ബസിൽ കയറി. പൊലീസ് പിന്തുടർന്ന് മലപ്പുറം അതിർത്തിയിൽ വച്ച് ബസ് തടഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. പുലർച്ചെ ചേവായൂർ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

നഗ്നചിത്രങ്ങൾ പകർത്തി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തൃശൂർ: ആളൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അദ്ധ്യാപകൻ അറസ്റ്റിൽ. ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ പകർത്തിയെന്ന പരാതിയിൽ വെള്ളാഞ്ചിറ സ്വദേശി ശരത്തിനെയാണ് (28) പൊലീസ് അറസ്റ്ര് ചെയ്‌തത്. മൂന്ന് ട്യൂഷൻ സെന്ററുകളുടെ ഉടമയാണ് ഇയാൾ.

സുഹൃത്തിനോടായിരുന്നു പെൺകുട്ടി പീഡന വിവരം ആദ്യം പറഞ്ഞത്. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് വർഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതിയിലുള്ളത്. നഗ്ന ചിത്രങ്ങൾ ശരത്തിന്റെ കൈവശം ഉള്ളതിനാലാണ് പെൺകുട്ടി പരാതി നൽകാതിരുന്നത്. ആരോടെങ്കിലും പറഞ്ഞാൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നതും ശരത്താണ്. പിടിയിലാകുന്നതിന് മുമ്പ് ഫോണിൽ നിന്ന് പെൺകുട്ടിയുടെ ചിത്രങ്ങൾ ഇയാൾ ഡിലീറ്റ് ചെയ്‌തിരുന്നു. തെളിവുകൾ ശേഖരിക്കാനായി ഫോൺ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. കുട്ടി പ്ലസ്‌ടുവിന് പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. പിന്നീട് കുട്ടി കടുത്ത മാനസിക സംഘർഷത്തിലായി. എഞ്ചിനീയറിംഗ് പഠനത്തിനായി പോയപ്പോഴാണ് അവിടെയുള്ള സുഹൃത്തിനോട് കാര്യം പറഞ്ഞത്. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെയാണ് പരാതി നൽകിയത്.