
പ്രിമിയർ ലീഗിൽ ആഴ്സനലും മാഞ്ചസ്റ്റർ സിറ്റിയും 2-2ന് സമനിലയിൽ പിരിഞ്ഞു
അവസാനനിമിഷം സിറ്റിക്ക് വേണ്ടി സമനിലഗോൾ നേടിയത് ജോൺ സ്റ്റോൺസ്
ലണ്ടൻ : മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽചെന്ന് വിജയം നേടാമെന്ന ആഴ്സനലിന്റെ മോഹത്തിന് അവസാനനിമിഷം സമനിലകൊണ്ട് തടയിട്ട് ജോൺ സ്റ്റോൺസ്. കഴിഞ്ഞ ദിവസം നടന്ന പ്രിമിയർ ലീഗ് മത്സരത്തിൽ കഴിഞ്ഞസീസണിലെ ചാമ്പ്യൻന്മാരായ മാഞ്ചസ്റ്റർ സിറ്റിയും രണ്ടാം സ്ഥാനക്കാരായ ആഴ്സനലും തമ്മിൽ 2-2നാണ് സമനിലയിൽ പിരിഞ്ഞത്. ആദ്യ പകുതിയിൽ 2-1ന് മുന്നിൽ നിന്നിരുന്ന ആഴ്സനലിനെ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിന്റെ എട്ടാം മിനിട്ടിലാണ് സ്റ്റോൺസിന്റെ ഗോളിലൂടെ സിറ്റി തളച്ചത്. ആദ്യ
പകുതിയുടെ ഇൻജുറി ടൈമിൽ ലിയാൻഡ്രോ ട്രൊസാഡിനെ ചുവപ്പുകാർഡിലൂടെ നഷ്‌ടമായിരുന്ന ആഴ്സനൽ ഫൈനൽ വിസിലിന് തൊട്ടുമുമ്പുവരെ ചെറുത്തുനിന്നെങ്കിലും ഒടുവിൽ കൈവിട്ടുപോയി.
സിറ്റിയുടെ ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഒൻപതാം മിനിട്ടിൽ ഗോളടിവീരൻ എർലിംഗ് ഹാലാൻഡിലൂടെ ആതിഥേയരാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 22-ാം മിനിട്ടിൽ റിക്കാർഡോ കാലഫിയോറിയിലൂടെ ആഴ്സനൽ സമനില പിടിച്ചു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിന്റെ ആദ്യമിനിട്ടിലാണ് ഗബ്രിയേൽ മഗാലേസിലൂടെ ആഴ്സനൽ മുന്നിലെത്തിയത്. ഇൻജുറി ടൈം അവസാനിക്കുന്നതിന് മുമ്പ് ട്രൊസാഡ് രണ്ടാം മഞ്ഞക്കാർഡ് ഏറ്റുവാങ്ങി മടങ്ങി.
രണ്ടാം പകുതിയിൽ പത്തുപേരായിചുരുങ്ങിയ ആഴ്സനൽ ഗോൾ കയറാതിരിക്കാൻ കടുത്ത പരിശ്രമം നടത്തി.ഒടുവിൽ ഫൈനൽ വിസിലിന് തൊട്ടുമുമ്പ് ഗ്രീലിഷും ഗുണ്ടോഗനും ഒരു ഷോർട്ട് കോർണറിൽ നിന്ന് നൽകിയ പാസിൽ നിന്ന് കൊവാസിച്ചിന്റെ ഷോട്ട് ആഴ്സനൽ ഡിഫൻഡർ കിവിയോറിന്റെ കാലിൽതട്ടി തിരിഞ്ഞുവന്നത് പിടിച്ചെടുത്ത് സ്റ്റോൺസ് ഒഴിഞ്ഞ വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.
അഞ്ചുമത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.ലിവർപൂൾ 12 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. ഇത്രതന്നെ പോയിന്റുള്ള ആസ്റ്റൺ വില്ല മൂന്നാമതുണ്ട്.11 പോയിന്റുള്ള ആഴ്സനൽ നാലാമതാണ്.
100
എർലിംഗ് ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എല്ലാ മത്സരങ്ങളിൽ നിന്നുമായി നൂറുഗോളുകൾ തികച്ചു.