
കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ ഓഹരിയും സ്വർണവും റെക്കാഡ് മുന്നേറ്റം നടത്തി. രാജ്യാന്തര വിപണിയിൽ സ്വർണ വില 2,630 ഡോളറിലെത്തി റെക്കാഡിട്ടു. കേരളത്തിൽ പവൻ വില 160 രൂപ വർദ്ധനയോടെ 55,840 രൂപയിലെത്തി റെക്കാഡ് കുതിപ്പ് തുടർന്നു. ഗ്രാമിന് 20 രൂപ വർദ്ധനയോടെ 6,980 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ചരിത്ര മുന്നേറ്റം നടത്തുന്നത്. അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതും സ്വർണത്തിന് കരുത്തായി. ഇപ്പഷാഴത്തെ ട്രെൻഡ് തുടർന്നാൽ സ്വർണ വില ഈ വാരം തന്നെ 56,000 രൂപ കടന്നേക്കും.
ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് ഗണ്യമായി കൂടിയതോടെ പ്രധാന ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ ആറാം ദിവസവും റെക്കാഡ് മുന്നേറ്റത്തിൽ. സെൻസെക്സ് 384.30 പോയിന്റ് ഉയർന്ന് 84,928.61ൽ അവസാനിച്ചു. നിഫ്റ്റി 148.10 പോയിന്റ് ഉയർന്ന് 25,939.05ൽ എത്തി. ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒ.എൻ.ജി.സി, ഹീറോ മോട്ടോകോർപ്പ്, എസ്.ബി.ഐ ഇൻഷ്വറൻസ് എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ഐ.ടി ഒഴികെയുള്ള പ്രധാന മേഖലകളിലെ ഓഹരികളെല്ലാം ഇന്നലെ നേട്ടമുണ്ടാക്കി. കേരള കമ്പനികളായ മുത്തൂറ്റ് ഫിനാൻസ്, കല്യാൺ ജുവലേഴ്സ്, ഫെഡറൽ ബാങ്ക്, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് എന്നിവയുടെ ഓഹരികളും മികച്ച മുന്നേറ്റം നടത്തി.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിലേക്ക് വൻ തോതിൽ പണമൊഴുക്കിയതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്ന് മാസത്തെ ഉയർന്ന നിരക്കായ 83.44 വരെ എത്തി. എന്നാൽ പിന്നീട് എണ്ണ കമ്പനികൾ ഡോളർ വാങ്ങി കൂട്ടിയതോടെ രൂപ 83.55ൽ വ്യാപാരം അവസാനിപ്പിച്ചു.