disanayake

അനുര കുമാര ദിസനായകെ- മുപ്പത്തിയെട്ട് സ്ഥാനാർത്ഥികൾ മത്സരിച്ച ശ്രീലങ്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ​പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയേയും പ്രസിഡന്റ് റെനിൽ വിക്രമസിംഗെയേയും വീഴ്ത്തിയ നേതാവ്. ലങ്കയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രസിഡന്റായ ദിസനായകെയെ പറ്റി അന്താരാഷ്ട്ര തലത്തിൽ അത്ര കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ അയൽരാജ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ നയങ്ങളിലേക്ക് ഏറെ ആകാംഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. വിശേഷിച്ച് ഇന്ത്യ - ലങ്ക ബന്ധത്തിലുണ്ടാകാൻ പോകുന്ന മാറ്റങ്ങളിലേക്ക്. ഇടതുപക്ഷ നേതാവായതിനാൽ ചൈനയോട് ചായുമോ എന്നാണ് പ്രധാന ആശങ്ക.

2022-ൽ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും മുങ്ങിത്താഴ്ന്ന ശ്രീലങ്കയ്ക്ക് പിടിച്ചുകയറാൻ കച്ചിത്തുരുമ്പായത് ഇന്ത്യ നൽകിയ സഹായങ്ങളാണ്. ലങ്കയെ കുഴിയിൽ വീഴ്ത്തിയതാകട്ടെ,​ പണം നൽകി കടക്കെണിയിലാക്കുന്ന ചൈനീസ് തന്ത്രവും.

ആരാണ്

അനുര?​


എ.കെ.ഡി! ഇങ്ങനെയാണ് ദിസനായകെ (55) ലങ്കൻ ജനതയ്ക്കിടയിൽ അറിയപ്പെടുന്നത്. ജനതാ വിമുക്തി പെരമുന പാർട്ടിയുടെ (ജെ.വി.പി) നേതാവാണ് മാർക്‌സിസ്‌റ്റ് പക്ഷക്കാരനായ ദിസനായകെ. 2022-ലെ പ്രക്ഷോഭത്തിനു ശേഷമുള്ള ആദ്യത്തെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ആയതിനാൽ 'മാറ്റത്തിന്റെ മുഖം" എന്ന പ്രതിച്ഛായയോടെയാണ് ദിസനായകെ മത്സരത്തിനിറങ്ങിയത്.

1968 നവംബറിൽ അനുരാധപുര ജില്ലയിലെ താംബുത്തഗാമയിലെ ഒരു സാധാരണ കുടുബത്തിൽ ജനനം. 'തൊഴിലാളികളുടെ മകൻ" എന്ന് പ്രഖ്യാപിച്ചായിരുന്നു ദിസനായകെയുടെ പ്രചാരണം. സ്കൂൾ കാലത്ത് രാഷ്ട്രീയം തുടങ്ങിയ മാർക്സിസ്റ്റ് -ലെനിനിസ്റ്റ് നേതാവായ ദിസനായകെ 1987-ലാണ് ജെ.വി.പിയിൽ ചേർന്നത്. 2001-ൽ പാർലമെന്റിലെത്തി. പാർട്ടിയിൽ പെട്ടെന്നായിരുന്നു ദിസനായകെയുടെ വളർച്ച. 2019-ൽ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായി. 3.2 ശതമാനം മാത്രം വോട്ടാണ് ലഭിച്ചത്. മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയ്ക്കെതിരെ 2022-ൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതാണ് ദിസനായകെയുടെ ജനപ്രീതിയിൽ ടേണിംഗ് പോയിന്റായത്.

ജനങ്ങളിൽ ഒരാളാണ് താനെന്നും സമൂലമായ മാറ്റത്തിന് തന്നെപ്പോലൊരാൾ രാജ്യത്തിന് വേണമെന്നുമുള്ള പ്രതീതി ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്നതിൽ ദിസനായകെ വിജയിച്ചു. അഴിമതി തുരത്തും, രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്കു നയിക്കും, എക്സിക്യുട്ടീവ് പ്രസിഡൻസി ഇല്ലാതാക്കും, അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിന്റെ വ്യവസ്ഥകളിൽ വീണ്ടും ചർച്ച നടത്തും, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ മറ്റു രാജ്യങ്ങളെ അനുവദിക്കില്ല തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ.

ചൈനയ്ക്ക്

അനുകൂലം?

മുമ്പ് ശ്രീലങ്കയിൽ ഇന്ത്യാ വിരുദ്ധ വികാരം ഇളക്കിവിട്ട ചരിത്രം ജെ.വി.പിയ്ക്കുണ്ട്. എൽ.ടി.ടി.ഇക്കെതിരായി ശ്രീലങ്കയിലെത്തിയ ഇന്ത്യൻ സമാധാന സേനയ്ക്കെതിരെ ജെ.വി.പി കലാപക്കൊടി പിടിച്ചിരുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ലങ്കൻ പ്രസിഡന്റ് ജെ.ആർ ജയവർദ്ധനെയും ഒപ്പിട്ട ഇന്ത്യ- ശ്രീലങ്ക ഉടമ്പടിയും (1987) അവർ എതിർത്തു.

ദിസനായകെ ചൈനയോട് അടുത്തു നിൽക്കാൻ ഇഷ്ടപ്പെടുന്നെന്നാണ് കേൾക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ താത്പര്യങ്ങൾക്ക് വിരുദ്ധമാണ് അത്. മാത്രമല്ല, ശ്രീലങ്കയിൽ ചൈനീസ് സ്വാധീനം ഗണ്യമായി വർദ്ധിക്കും. ഇന്ത്യയെ നിരീക്ഷിക്കാനുള്ള ചാരക്കപ്പലുകൾ അടക്കമുള്ള സംവിധാനങ്ങൾ ലങ്കയിൽ വിന്യസിക്കാൻ ചൈനയ്ക്ക് ബുദ്ധിമുട്ടേണ്ടിവരില്ല. 2017 മുതൽ ലങ്കയുടെ ഹാംബൻതോട്ട തുറമുഖം ചൈന 99 വർഷത്തെ പാട്ടത്തിനെടുത്തിരിക്കുകയാണ്. ദിസനായകെയുടെ ജയം ഇന്ത്യയ്ക്ക് വെല്ലുവിളിയായി വിലയിരുത്തുന്ന നിരവധി നിരീക്ഷകരുണ്ട്.

അടുത്ത സുഹൃത്തായ ലങ്കയ്ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടാൻ 400 കോടി ഡോളറാണ് ഇന്ത്യ സഹായമായി നൽകിയത്. വിവിധ പദ്ധതികൾക്കും ലങ്കയിൽ ഇന്ത്യ തുടക്കമിട്ടിട്ടുണ്ട്. ദിസനായകെ അധികാരത്തിലെത്തിയത് ചില ഇന്ത്യൻ കമ്പനികളുടെ പദ്ധതിക്ക് ഭീഷണിയായേക്കുമെന്ന ഭീതിയുണ്ട്. കൊളംബോ തുറമുഖത്ത് അദാനി പോർട്ട്സ് നിർമിക്കുന്ന കണ്ടെയ്നർ ടെർമിനലിന്റെ ഭാവിയിലും ആശങ്കയുണ്ട്. പദ്ധതിക്ക് 553 മില്യൺ ഡോളർ (4603 കോടി രൂപ) സഹായം നൽകുമെന്ന് നേരത്തെ യു.എസ് അറിയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ തുറമുഖമെന്നിരിക്കെ പദ്ധതി പൂർത്തിയാകുന്നതോടെ കൊളംബോയുടെ മുഖച്ഛായ മാറുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയെ

പിണക്കുമോ ?

ഇന്ത്യയെപ്പോലെ ശക്തമായ ഒരു അയൽരാജ്യത്തെ ദിസനായകെയ്ക്ക് അവഗണിക്കാനാകില്ല. ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചുകഴിഞ്ഞു. ലങ്കയുടെ പരമാധികാരവും താത്പര്യങ്ങളും ഉറപ്പുവരുത്തുന്നതിനൊപ്പം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ ദിസനായകെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.