
ന്യൂഡൽഹി: തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന പ്രത്യേക ട്രെയിൻ മദ്ധ്യപ്രദേശിൽ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ റെയിൽവേ ജീവനക്കാരനെ അറസ്റ്റുചെയ്തു. ഇയാളുടെ അറിവോടെയാണ് സ്ഫോടക വസ്തു വച്ചതെന്നാണ് വിവരം. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും.
ഈ മാസം 18നാണ് പ്രത്യേക ട്രെയിൻ കടന്നുപോകവേ റത്‌ലം ജില്ലയിൽ ട്രാക്കിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്. റെയിൽവേയും എൻ.ഐ.എയും കരസേനയും അന്വേഷണം നടത്തിവരികയായിരുന്നു. ട്രെയിൻ കടന്നു പോയപ്പോൾ പടക്കം പൊട്ടും പോലെ ശബ്ദം കേട്ടതോടെ നിറുത്തി പരിശോധിച്ചു. നൂറു മീറ്റർ ദൂരത്തിനിടെ പത്തിടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു.