malasia

തിരുവനന്തപുരം: വിനോദ സഞ്ചാരികളേയും ടൂറിസം സംരംഭകരേയും ആകർഷിക്കാൻ നാലു പ്രധാന ഇന്ത്യൻ നഗരങ്ങളിൽ റോഡ് ഷോയുമായി മലേഷ്യയിലെ ടൂറിസം വകുപ്പ്. ടൂറിസം മലേഷ്യ ഒരുക്കുന്ന റോഡ് ഷോയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തുടക്കമായി. മലേഷ്യൻ ഇന്ത്യൻ ട്രാവൽ ആന്റ് ടൂർസ് അസോസിയേഷനുമായി കൈകോർത്താണ് ഇന്ത്യയിലുടനീളം റോഡ്‌ഷോകൾ സംഘടിപ്പിക്കുന്നത്. സെപ്തംബർ 25ന് കൊൽക്കത്ത, 27ന് ഭുവനേശ്വർ, 30ന് ഗുവാഹത്തി എന്നിവിടങ്ങളിലും ടൂറിസം മലേഷ്യയുടെ റോഡ് ഷോ അരങ്ങേറും. വൈവിധ്യമാർന്ന ടൂറിസം ഓഫറുകളുമായി ഇന്ത്യയിലെ ട്രാവൽ വിപണിയിൽ സാന്നിധ്യം ശക്തമാക്കുകയും ട്രാവൽ ഏജന്റുമാരുമായുള്ള ബന്ധം പരിപോഷിപ്പിക്കുകയുമാണ് റോഡ് ഷോയുടെ ലക്ഷ്യം.

'ഇന്ത്യയിലെ ട്രാവൽ ഏജന്റുമാരുമായി നേരിട്ട് ബന്ധപ്പെടാനുള്ള തന്ത്രപ്രധാന പദ്ധതിയാണ് ഞങ്ങളുടെ റോഡ് ഷോ. മലേഷ്യയുടെ ആകർഷകമായ സംസ്‌കാരവും, വേറിട്ട അതിഥിസൽക്കാര രീതികളും മനോഹര ഭൂപ്രദേശങ്ങളും വിനോദ സഞ്ചാരികൾക്കായി അവതരിപ്പിക്കും. മലേഷ്യയിലെ ടൂറിസം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ട്രാവൽ ഏജന്റുമാർക്ക് ലഭിക്കുന്നുവെന്നും ഉറപ്പാക്കും,' ടൂറിസം മലേഷ്യ ഡൽഹി ഡയറക്ടർ അഹമ്മദ് ജോഹനിഫ് മുഹമ്മദ് അലി പറഞ്ഞു.

മലേഷ്യയിലെ പ്രമുഖരായ 25 ഹോട്ടൽ കമ്പനികളും ട്രാവൽ ഏജന്റുമാരും ഈ റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽ ട്രാവൽ രംഗത്തുള്ള ബിസിനസുകാർക്ക് ഇവരുമായി നേരിട്ട് ചർച്ചകൾ നടത്താനും ബിസിനസ് സഹകരണമുണ്ടാക്കാനും പുതിയ അവസരങ്ങൾ കണ്ടെത്താനും വഴിയൊരുക്കും. ആഗോള ട്രാവൽ ഡെസ്റ്റിനേഷനുകളിൽ മലേഷ്യയെ മുൻനിരയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള 'വിസിറ്റ് മലേഷ്യ 2026' എന്ന വിപുലമായ പ്രചാരണ പരിപാടികൾക്ക് മുന്നോടി ആയാണ് ഈ റോഡ്‌ഷോകൾ സംഘടിപ്പിക്കുന്നത്.

'16 വർഷത്തെ ഇടവേളയ്ക്ക് ശേഷം എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചത് ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമായതോടെ മലേഷ്യയിലേക്കുള്ള യാത്ര വളരെ സുഗമമായി. ഈ യാത്രാ സൗകര്യവും എല്ലാ തരം യാത്രാക്കാർക്കും മലേഷ്യ ഒരുക്കുന്ന മികച്ച വിനോദസഞ്ചാര അനുഭവങ്ങളുമാണ് ഈ റോഡ്‌ഷോയുടെ ഹൈലൈറ്റ്,' ടൂറിസം മലേഷ്യ മുംബൈ ഡയറക്ടർ നോറിയ ജാഫർ പറഞ്ഞു.

കുടുംബസമേതമുള്ള അവധിക്കാലം, റൊമാന്റിക് ഹണിമൂൺ, സോളോ ട്രിപ്പ്, പൈതൃക യാത്ര തുടങ്ങി ഏതു തരം യാത്രാക്കാർക്കും പ്രായക്കാർക്കും അനുയോജ്യമായ വൈവിധ്യമാർന്ന ടൂറിസം അവസരങ്ങളാണ് മലേഷ്യയിലുള്ളത്. 'മലേഷ്യയുടെ സമ്പന്ന സാംസ്‌കാരിക പൈതൃകവും ആധുനിക ആകർഷണങ്ങളുമാണ് ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് പറ്റിയ ഇടമാക്കി മലേഷ്യയെ മാറ്റുന്നത്. ഈ റോഡ്‌ഷോയിലൂടെ ഞങ്ങളുടെ സവിശേഷ യാത്രാ അനുഭവങ്ങളും അതിഥിസൽക്കാരവും കൂടുതൽ ഇന്ത്യൻ യാത്രക്കാർക്കായി അവതരിപ്പിക്കുകയാണ്,' ടൂറിസം മലേഷ്യ ചെന്നൈ ഡെപ്യൂട്ടി ഡയറക്ടർ ശഹരിം താൻ പറഞ്ഞു.

മലേഷ്യ എയർലൈൻസ്, ബാതിക് എയർ, എയർ ഏഷ്യ, ഇൻഡിഗോ എന്നീ വിമാന കമ്പനികൾക്കു പുറമെ സർവീസ് പുനരാരംഭിച്ച എയർ ഇന്ത്യയുടെ സാന്നിധ്യവും ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് മലേഷ്യയിലേക്കുള്ള യാത്രാ സൗകര്യം മികച്ചതാക്കുന്നു. 'ടൂറിസം മലേഷ്യയുമായുള്ള സഹകരണവും മലേഷ്യയിലെ ട്രാവൽ ബിസിനസുകാരുമായുള്ള ബന്ധവും ഇന്ത്യൻ സഞ്ചാരികൾക്ക് ലഭ്യമായ മികച്ച അവസരങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. മലേഷ്യയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ടൂറിസം ബന്ധം മെച്ചപ്പെടുത്താൻ ഈ പങ്കാളിത്തത്തിലൂടെ സാധിക്കും,' മലേഷ്യൻ ഇന്ത്യൻ ട്രാവൽ ആന്റ് ടൂർസ് അസോസിയേഷൻ പ്രസിഡന്റ് ദാത്തോ അരുൾദാസ് എ. പറഞ്ഞു.